ബാലഭാസ്‌കറിന്റെ മരണം; പുതിയ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും കോടതി പറഞ്ഞു. ബാലഭാസ്കറിന്റെ അച്ഛന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും സിബിഐക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന വാദം തള്ളി സിബിഐ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ സിബിഐ സംഘം ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചിരുന്നു. അപകടത്തിന് കാരണമായത് വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണെന്ന നിഗമനത്തിലാണ് സിബിഐ അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നത്. ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായ സമയത്ത് വാഹനം ഓടിച്ചിരുന്ന അർജുൻ നാരായണൻ അമിത വേഗതയിലായിരുന്നുവെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

2019 സെപ്റ്റംബര്‍ 25ന് നടന്ന വാഹനാപകടത്തിലാണ് ബാലഭാസ്‌കറും മകളും മരിച്ചത്. തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയായിരുന്നു അപകടം. അതേസമയം ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണ് ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ വാദം. അമിത വേഗതയെ തുടര്‍ന്നുണ്ടായ അപകടമാണെന്നായിരുന്നു ആദ്യം കേസന്വേഷിച്ച സിബിഐ സംഘം കണ്ടെത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*