കാഫിർ സ്ക്രീൻഷോട്ട് കേസ്; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

വടകരയിലെ വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം. വടകര പോലീസ് ഇൻസ്‌പെക്ടർക്കാണ് കോടതി നിർദേശം നൽകിയത്. ഓഗസ്റ്റ് 12ന് മുൻപായി കേസ് ഡയറി ഹാജരാക്കണമെന്ന് നിർദേശം. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ തലേന്നായിരുന്നു കാഫിർ സ്ക്രീൻഷോട്ട് സമുഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

വിവാദത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രവർത്തകൻ പി കെ ഖാസിമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും ഇടതു സ്ഥാനാർത്ഥിയായിരുന്ന കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു സന്ദേശം. യൂത്ത് ലീഗ് നേതാവ് പി കെ കാസിമിൻറെ പേരിലായിരുന്നു സന്ദേശം. എന്നാൽ ഇത് കൃത്രിമമായി നിർമ്മിച്ചതാണെന്നും പോസ്റ്റിൽ അന്വേഷണം ആവശ്യപ്പെട്ട് ആദ്യം പോലീസിൽ പരാതി നൽകിയ തന്നെ പ്രതിയാക്കി വടകര പോലീസ് കേസ് എടുത്തെന്നും കാസിം ഹർജിയിൽ ആരോപിക്കുന്നു.

കാഫിർ പ്രയോഗമുള്ള വാട്സാപ്പ് സന്ദേശത്തിൻറെ സ്‌ക്രീൻ ഷോട്ട് ഫെയ്സ്ബുക്കിൽ പങ്കുവച്ച മുൻ എംഎൽഎ കെ.കെ.ലതികയുടെ അടക്കം മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കാഫിർ പോസ്റ്റർ വിവാദം നേരത്തെ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇത് ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്പോരിന് ഇടയാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*