പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിവാദമായ അധ്യാപക നിയമനം റദ്ദാക്കി ഹൈക്കോടതി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിവാദമായ അധ്യാപക നിയമനം ഹൈക്കോടതി റദ്ദാക്കി. പുതിയ നിയമന നടപടികള്‍ തുടങ്ങാന്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനോട് ജസ്റ്റിസ് ദേബാങ്‌സു ബസക്കിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദ്ദേശിച്ചു. മമത ബാനര്‍ജി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്.

നിയമന ക്രമക്കേസില്‍ തുടര്‍ അന്വേഷണം നടത്തി, മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആഹ്ളാദത്തോടെയാണ് കോടതി ഉത്തരവിനോട് ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചത്. വര്‍ഷങ്ങളോളം തെരുവില്‍ നടത്തിയ പോരാട്ടം ഫലം കണ്ടതായി അവര്‍ പറഞ്ഞു.

സംസ്ഥാനത്തെ സ്‌കൂളുകളിലെ 9, 10, 11 ക്ലാസുകളിലെ അധ്യാപകരെയും ഗ്രൂപ്പ്, സിഡി സ്റ്റാഫിനെയും നിയമിക്കുന്നതിനായി 2016ല്‍ നടത്തിയ റിക്രൂട്ട്‌മെന്റാണ് വിവാദമായത്. 24,640 ഒഴിവുകളിലേക്കായി 23 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. വ്യാപകമായി ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ നിയമനം കോടതിയിലെത്തി. തുടര്‍ന്ന് സിബിഐ അന്വേഷണത്തിനു ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

സിബിഐ അന്വേഷണ ഉത്തരവിനെതിരെ മമത സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് അനുകൂലമായില്ല. അന്വേഷണത്തിനു പച്ചക്കൊടി നല്‍കിയ സുപ്രീം കോടതി, ഇതുവരെ നടത്തിയ നിയമനങ്ങള്‍ക്കു താത്കാലിക പരിരക്ഷ നല്‍കിയിരുന്നു. പുതിയ ബെഞ്ച് രൂപീകരിച്ച് ആറു മാസത്തിനകം തീര്‍പ്പുണ്ടാക്കാന്‍ ഹൈക്കോടതിക്കു സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നു വാദം കേട്ട ഡിവിഷന്‍ ബെഞ്ച് മാര്‍ച്ച് 20ന് ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റുകയായിരുന്നു. നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*