സിദ്ദിഖിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയുടെ പരാതിയിലാണ് സിദ്ദിഖ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്. തന്നെ ഹോട്ടല്‍ മുറിയിലെത്തിച്ച് ഉപദ്രവിച്ചെന്നായിരുന്നു തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതി. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുമെന്ന് സിദ്ദിഖ് അറിയിച്ചു. 

2016ലായിരുന്നു കേസിനാസ്പദമായ സംഭവം. മാസ്‌കോട്ട് ഹോട്ടലില്‍ വച്ച് സിദ്ധിഖ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ദിവസം തിരുവനന്തപുരം നിള തീയേറ്ററില്‍ നടന്ന സിനിമ പ്രിവ്യൂ ഷോയിലും ഇരുവരും പങ്കെടുത്തതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രിവ്യൂ ഷോയ്ക്കു പിന്നാലെ സിനിമ ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് നടിയുടെ ആരോപണം.

ലൈംഗികാരോപണ പരാതിയില്‍ നടന്‍ സിദ്ധിഖിനെതിരെ തെളിവുകളും പോലീസ് കണ്ടെത്തിയിരുന്നു. നടിയുടെ പരാതിയില്‍ പറയുന്ന ദിവസം സിദ്ധിഖ് താമസിച്ച തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലില്‍ പരാതിക്കാരിയെത്തിയിരുന്നതായി രേഖ. എട്ടുവര്‍ഷം മുന്‍പുള്ള സന്ദര്‍ശക രജിസ്റ്ററില്‍ പരാതിക്കാരി ഒപ്പിട്ടതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പരാതിക്കാരിയെ മാതാപിതാക്കള്‍ക്കൊപ്പമാണ് കണ്ടതെന്നായിരുന്നു സിദ്ധിഖിന്റെ വാദം. താന്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നാണു യുവനടി പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞത്. നാലുമണിക്കൂറിലേറെ സമയമെടുത്ത് നല്‍കിയ മൊഴിയില്‍ സിദ്ധിഖിനെതിരേ ഗുരുതര പരാമര്‍ശങ്ങളാണ് നടി തുറന്നുപറഞ്ഞത്. പീഡനത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്കു മുന്നിലാണു യുവനടി ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെയാണു പോലീസിനു പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376 (ബലാത്സംഗം), 506, എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് മ്യൂസിയം പോലീസ് കേസെടുത്തത്.

 

Be the first to comment

Leave a Reply

Your email address will not be published.


*