‘നേര്’ റിലീസ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; മോഹൻലാലിനും ജീത്തു ജോസഫിനും ഹൈക്കോടതി നോട്ടീസ്

‘നേര്’ എന്ന സിനിമ തന്റെ തിരക്കഥ മോഷ്ടിച്ചതാണെന്നാരോപിച്ചുള്ള തൃശൂർ സ്വദേശിയുടെ ഹർജിയിൽ മോഹൻലാൽ, സംവിധായകൻ ജീത്തു ജോസഫ്, സഹ തിരക്കഥാകൃത്തും അഭിനേതാവുമായ അഡ്വ. ശാന്തി മായാദേവി, നിർമാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവർക്ക് ഹൈക്കോടതി നോട്ടീസ്. അതേസമയം, ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജിക്കാരന്റെ ഇടക്കാല ആവശ്യം കോടതി നിരസിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും.

തൃശൂർ അരിമ്പൂർ സ്വദേശി ദീപു കെ ഉണ്ണി നൽകിയ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ തിരക്കഥ ജീത്തു ജോസഫും ശാന്തിപ്രിയ എന്ന ശാന്തി മായാദേവിയും ചേർന്ന് ഒരുക്കിയത് തന്റെ കഥ മോഷ്ടിച്ചാണെന്നാണ് ഹർജിക്കാരന്റെ ആരോപണം.

49 പേജ് അടങ്ങിയ തന്റെ കഥാതന്തുവിന്റെ പകര്‍പ്പ് ഇരുവരും മൂന്ന് വര്‍ഷം മുന്‍പ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയില്‍ നിര്‍ബന്ധിച്ച് വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയില്‍നിന്ന് ഒഴിവാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. നേര് സിനിമയുടെ ട്രെയിലര്‍ കണ്ടപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ടതെന്നും ഹർജിയിൽ പറയുന്നു.

മോഹൻലാൽ, ജീത്തു ജോസഫ്, അഡ്വ. ശാന്തി മായാദേവി, ആന്റണി പെരുമ്പാവൂർ തുടങ്ങിയ എതിർ കക്ഷികളുടെ മറുപടി ലഭിച്ച ശേഷം നാളെ ഹർജി വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. നാളെയാണ് ‘നേര്’ സിനിമയുടെ റിലീസിങ് നിശ്ചയിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*