മസ്ജിദിനുള്ളില്‍ ‘ജയ് ശ്രീറാം’ വിളിച്ചാല്‍ മതവികാരം വ്രണപ്പെടുന്നതെങ്ങനെ?; ക്രിമിനല്‍ കേസ് റദ്ദാക്കി ഹൈക്കോടതി

ബംഗലൂരു: മസ്ജിദിനുള്ളില്‍ ജയ് ശ്രീറാം വിളിച്ചത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് ഹൈക്കോടതി. മസ്ജിദിനുള്ളില്‍ ജയ് ശ്രീറാം വിളിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രതികളുടെ അപ്പീല്‍ പരിഗണിച്ച കോടതി, ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കുന്നത് ഒരു സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ലെന്ന് അഭിപ്രായപ്പെട്ടു.

പ്രദേശത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹാര്‍ദ്ദത്തോടെയാണ് ജീവിക്കുന്നതെന്ന് കേസിലെ പരാതിക്കാരന്‍ തന്നെ പറഞ്ഞതായി ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ക്കെതിരായ തുടര്‍ നടപടികള്‍ക്ക് അനുമതി നല്‍കുന്നത് നിയമത്തിന്റെ ദുരുപയോഗമായി മാറുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. മുസ്ലീം പള്ളിയില്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതിന് ഐപിസി സെക്ഷന്‍ 295 എ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്.

ഐപിസി സെക്ഷന്‍ 295 എ പ്രകാരം ഏതൊരു പ്രവൃത്തിയും കുറ്റമായി മാറില്ലെന്ന് സുപ്രീം കോടതി ഉത്തരവ് പരാമര്‍ശിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു. 2023 സെപ്റ്റംബര്‍ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പത്തുമണിക്കു ശേഷം മസ്ജിദിനുള്ളില്‍ കയറിയ പ്രതികള്‍ ‘ജയ് ശ്രീറാം’ വിളിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുക്കുകയും വൈകാതെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങളെ ചോദ്യം ചെയ്ത് പ്രതികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*