ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തിരിച്ചടി. തനിക്കെതിരെ നിയമനടപടികൾക്കുള്ള ഗവർണറുടെ അനുമതി ചോദ്യംചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച പരാതി കർണാടക ഹൈക്കോടതി തള്ളി. മൈസൂർ അർബൻ ഡവലപ്മെന്റ് അതോറിറ്റി (മൂഡ) ഭൂമിതട്ടിപ്പ് കേസിൽ സിദ്ദരാമയ്യയ്ക്കെതിരായ അന്വേഷണനടപടികൾക്ക് കഴിഞ്ഞ ഓഗസ്റ്റിലാണ് ഗവർണർ അനുമതി നൽകുന്നത്. ആരോപണങ്ങൾ അന്നുതന്നെ തള്ളിയ സിദ്ധരാമയ്യ കോടതിയെ സമീപിക്കുകയായിരുന്നു.
ഹർജി പരിഗണിച്ച ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് ഗവർണർക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ അവകാശമുണ്ടെന്ന് പ്രസ്താവിച്ചു. മുഖ്യമന്ത്രിയെ വിചാരണ ചെയ്യാനുള്ള അനുമതി നൽകിയതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു.
ടിജെ എബ്രഹാം എന്ന വിവരാവകാശ പ്രവർത്തകനാണ് സിദ്ധരാമയ്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. മൈസൂർ അർബൻ ഡെവലപ്മെന്റ് അതോറിറ്റി ഭൂമി വിതരണം നടത്തിയതിൽ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. സംഭവത്തിൽ ജൂലൈ 26ന് ഗവർണർ തവർ ചന്ദ് ഗെലോട്ട് സിദ്ധരാമയ്യയോട് വിശദീകരണം ചോദിച്ചിരുന്നു.
മുഡയുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയർന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്കു പകരം ഭൂമി മറ്റൊരിടത്തു നൽകുന്ന പദ്ധതിയാണിത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്കു പകരമായി ഭൂമി നൽകിയതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഡ കമ്മിഷണർക്ക് എബ്രഹാം ഓഗസ്റ്റില്‍ മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു.
പാർവതിയുടെ പേരിൽ മൈസൂരു ഔട്ടർ റിങ് റോഡിലുള്ള കേസരയിൽ സ്ഥിതിചെയ്യുന്ന ഭൂമി ഈ പദ്ധതി പ്രകാരം ലേഔട്ട് വികസിപ്പിക്കാൻ മൈസൂരു നഗരവികസന അതോറിറ്റിക്കു നൽകിയിരുന്നു. പകരം നൽകിയ ഭൂമി അവർ അർഹിക്കുന്നതിനേക്കാൾ അധികം മൂല്യമുള്ളതാണെന്നും ഭൂമി കൈമാറ്റത്തിൽ ക്രമക്കേടുണ്ടെന്നുമാണ് ആരോപണം. ഭൂമി സംബന്ധിച്ച എല്ലാ കണക്കുകളും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സിദ്ധരാമയ്യ മറച്ചുവെച്ചെന്നും ആരോപണമുണ്ട്.
പാർവതി നൽകിയ ഭൂമിയിൽ ദേവന്നൂർ ലേ ഔട്ട് വികസിപ്പിച്ച മൈസൂരു നഗര വികസന അതോറിറ്റി, ഭൂമിയുടെ മൂല്യം താരതമ്യേന കൂടുതലുള്ള വിജയ നഗറിൽ അവർക്കു 38,284 ചതുരശ്ര അടി പകരം നൽകി. ഇതുവഴി മൈസൂരു നഗരവികസന അതോറിറ്റിക്കും കർണാടക സർക്കാരിനും നാലായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് ആരോപണം.
Be the first to comment