റംസാൻ-വിഷു ചന്തയ്ക്ക് അനുമതി നിഷേധിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: റംസാൻ വിഷു ചന്തയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിശദീകരണം തേടി ഹൈക്കോടതി. കൺസ്യൂമർ ഫെഡ് നൽകിയ ഹർജിയിലാണ് നടപടി. വ്യാഴാഴ്ച മറുപടി സമർപ്പിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അതേസമയം, ചന്തകളുടെ പ്രവര്‍ത്തനം വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി വിധിയടക്കം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ എതിര്‍ത്തു. അഞ്ഞൂറ് കോടിയലധികം അഡ്വാൻസ് നൽകിയുള്ള ചന്തകൾ വിഷു വരെ ആണ് പ്രവര്‍ത്തിക്കുന്നത്. ഇത് 26ന് നടക്കുന്ന തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നുമാണ് എതിര്‍ വാദം.

ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പേരിൽ റംസാൻ– വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി ചോദ്യം ചെയ്താണ് കൺസ്യൂമർ ഫെഡ്  ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാനത്ത് 280 ചന്തകൾ ആരംഭിക്കാൻ നടപടികൾ ആരംഭിച്ചതായും എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ ഇത്തരം സന്ദർഭങ്ങളിൽ അനുമതി നൽകിയിട്ടുണ്ടെന്നായിരുന്നു ഹർജിയിലെ വാദം. ഉത്സവ കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ കൺസ്യൂമർ ഫെഡ് സ്വീകരിച്ച നടപടികളെ തടസ്സപ്പെടുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടലെന്നും അത് പുനപരിശോധിക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം.

കൺസ്യൂമർ ഫെഡ് റംസാൻ – വിഷു ചന്തകൾക്ക് അനുമതി ഇല്ലെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചിരുന്നു. 280 ചന്തകൾ തുടങ്ങാൻ തീരുമാനിച്ചതാണ്. ഇതിനായി ഇലക്ഷൻ കമ്മീഷനോട് അനുമതി തേടിയിരുന്നു. എന്നാൽ കമ്മീഷന്‍ അനുമതി നിഷേധിച്ചുവെന്ന് മന്ത്രി അറിയിച്ചു. ജനങ്ങൾക്ക് കിട്ടുന്ന ഒരു ആശ്വാസമാണ് ഇല്ലാതായത്.

Be the first to comment

Leave a Reply

Your email address will not be published.


*