ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി

സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്നു പുറത്തുവിടാനിരിക്കെ സിനിമ നിര്‍മാതാവ് സജിമോന്‍ പാറയില്‍ ഇന്ന് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിവരാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാം ഇന്നു വൈകിട്ട് നാലു മണിക്കാണ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് റിപ്പോര്‍ട്ട് കൈമാറാന്‍ തീരുമാനിച്ചിരുന്നത്.

റിപ്പോര്‍ട്ട് അപേക്ഷകര്‍ക്ക് കൈമാറണമെന്ന വിവരാവകാശ കമ്മിഷന്‍ ഉത്തരവ് സ്റ്റേ ചെയ്യണെന്നും റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. 5 വര്‍ഷത്തിനു ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. റിപ്പോര്‍ട്ട് തേടി വിവരാവകാശ കമ്മിഷനെ സമീപിച്ച മാധ്യമപ്രവര്‍ത്തകര്‍ അടക്കം അഞ്ചു പേര്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുക. 233 പേജുകള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടിന്റെ ഭാഗമാണ് കൈമാറുക. 5 പേരും റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനുള്ള തുകയായ 699 രൂപ വീതം ട്രഷറിയില്‍ അടച്ചിട്ടുണ്ട്.

വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റുള്ള വിവരങ്ങള്‍ പുറത്ത് വിടാനാണ് കമ്മിഷന്‍ ഉത്തരവിട്ടത്. ആര്‍ടിഐ നിയമപ്രകാരം വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെയ്ക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എഎ അബ്ദുല്‍ ഹക്കീം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവു പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവണ്‍മെന്റ് സെക്രട്ടറി ഉറപ്പാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിഷന്‍.

എന്നാല്‍ 2019 ഡിസംബര്‍ 31ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. റിപ്പോര്‍ട്ട് പുറത്ത് വിടാത്തതിനെതിരെ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം രംഗത്ത് വന്നിരുന്നു.

റിപ്പോര്‍ട്ട് വായിച്ച ശേഷമാണ് സ്വകാര്യതയെ ഹനിക്കാതെ ബാക്കിയുള്ള ഭാഗം പുറത്തുവിടാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചത്. 49-ാം പേജിലെ 96 -ാം ഖണ്ഡികയും 81 മുതല്‍ 100 വരെയുള്ള പേജുകളും 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിടരുതെന്നും ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്.

2019 ഡിസംബര്‍ 31 നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മലയാള സിനിമാ വ്യവസായവും പല കുടുംബങ്ങളും തകരുമെന്നും കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് അധ്യക്ഷ തന്നെ കത്ത് നല്‍കിയെന്നും തെളിവുകളില്ലാതെയുള്ള ആരോപണങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ വയ്ക്കാനാകില്ലെന്നുമൊക്കെ ന്യായീകരണങ്ങള്‍ പരസ്യമായും രഹസ്യമായും പറഞ്ഞാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയത്.

2017ലെ നടിയെ അക്രമിച്ച സംഭവത്തിന് ശേഷമാണ് സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിന് ഹേമ കമ്മീഷന്‍ നിയമിക്കുന്നത്. തുടര്‍ന്ന് അതേ വര്‍ഷം ജൂലൈയില്‍ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയ മൂന്നംഗ കമ്മീഷന്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*