
കോട്ടയം തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ അക്രമത്തില്‍ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോട്ടയം ജില്ലാ പൊലീസ് മേധാവിയും, സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
ബസുടമയ്‌ക്ക് എതിരായ ആക്രമണം അപ്രതീക്ഷിതമായിരുന്നെന്നും ബസുടമയ്ക്ക് പോലീസ് സംരക്ഷണം നൽകിയെന്നും സ്ഥലത്ത് ഇപ്പോൾ പ്രശ്നങ്ങളില്ല എന്നും ഡിസിപി കോടതിയെ അറിയിച്ചു. അവിടെ നാടമകല്ലേ നടന്നതെന്ന് ചോദിച്ച കോടതി, ഒന്നു തല്ലിക്കോ എന്ന സമീപനം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിയെന്നും വിലയിരുത്തി. കോടതിയിലും ലേബർ ഓഫീസിനു മുന്നിലും തോറ്റാൽ എല്ലാ തൊഴിലാളി യൂണിയനും സ്വീകരിക്കുന്ന നടപടി ആണിതെന്ന് ജസ്റ്റിസ് നഗരേഷ് സൂചിപ്പിച്ചു.
ഹൈക്കോടതി സംരക്ഷണ ഉത്തരവുണ്ടായാലും അത് മറികടന്ന് ആരും എന്തും ചെയ്യുമെന്ന സന്ദേശമാണ് സമൂഹത്തിന് ഇത് നൽകുന്നത്. പോലീസിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപമുണ്ടായെന്ന് കോടതി അറിയിച്ചു. അടിയേറ്റത് ഉടമയ്ക്കല്ല ഹൈക്കോടതിയുടെ മുഖത്തെന്നും വിമർശനം. ബസുടമയ്ക്ക് നേരെയുണ്ടായ അക്രമത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. അന്വേഷണമുൾപ്പെടെയുള്ള വിവരങ്ങൾ സമർപിക്കാൻ ഡിവൈഎസ്പി യ്ക്ക് നിർദേശം നൽകി. കേസ് വാദം കേൾക്കാനായി ഈ മാസം 18 ലേക്ക് മാറ്റി.
Be the first to comment