കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. സംഘാടകര്‍ക്ക് പണം മാത്രം മതിയെന്നും മനുഷ്യ ജീവന് വിലയില്ലാതായെന്നും ഹൈക്കോടതി വിമര്‍ശിച്ചു. മനുഷ്യന് അപകടം പറ്റിയിട്ട് പരിപാടി നിര്‍ത്തിവയ്ക്കാന്‍ സംഘാടകര്‍ തയാറായോ? എന്നും കോടതി ചോദിച്ചു. നൃത്തപരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ വിമര്‍ശനം.
നൃത്തപരിപാടിയില്‍ പങ്കെടുത്തവരില്‍നിന്നു സംഘാടകര്‍ എന്ത് അടിസ്ഥാനത്തിലാണ് പണം വാങ്ങിയതെന്ന് കോടതി ആരാഞ്ഞു. മനുഷ്യന്‍ വീണിട്ടും പരിപാടി തുടര്‍ന്നുകൊണ്ടുപോയി. സാധാരണ മനുഷ്യന്‍ വീണാലും പരിപാടി നിര്‍ത്തിവയ്ക്കണമായിരുന്നു. ഇത്രയും ഗൗരവമുള്ള കേസില്‍ എങ്ങനെയാണ് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചതെന്നും കോടതി ആരാഞ്ഞു. പരിപാടിയുടെ ബ്രോഷര്‍, നോട്ടീസ് ഉള്‍പ്പടെയുള്ള എല്ലാ രേഖകളും ഹാജരാക്കാനും സംഘാടകര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍ ഉടമ നിഘോഷ് കുമാര്‍, സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം, നിഘോഷിന്റെ ഭാര്യ സി മിനി എന്നിവര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പിനും വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് മൂന്നുപേരും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്. കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉണ്ടായ സുരക്ഷാവീഴ്ച മൂലം തൃക്കാക്കര എംഎല്‍എ ഉമ തോമസിന് സ്‌റ്റേജില്‍നിന്നു വീണ് ഗുരുതര പരുക്കേറ്റിരുന്നു. ഇതിലും സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Be the first to comment