കോഴിക്കോട് ഫറൂഖ് കോളജിലെ വിദ്യാര്‍ത്ഥികളുടെ ഗതാഗത നിയമലംഘനത്തില്‍ ഇടപെട്ട് ഹൈക്കോടതിയും

കോഴിക്കോട് ഫറൂഖ് കോളജിലെ വിദ്യാര്‍ത്ഥികളുടെ ഗതാഗത നിയമലംഘനത്തില്‍ ഇടപെട്ട് ഹൈക്കോടതിയും. വിഷയത്തില്‍ എന്ത് നടപടിയുണ്ടായെന്ന് ഹൈക്കോടതി ആരാഞ്ഞു. പത്ത് വാഹനങ്ങള്‍ പിടിച്ചെടുത്തെന്നായിരുന്നു കോടതിയില്‍ പോലീസിന്റെ മറുപടി.

സ്വമേധയാ എടുത്ത കേസ് ഇന്നുതന്നെ വീണ്ടും പരിഗണിക്കും. ഓണാഘോഷത്തിനിടെ വാഹനങ്ങള്‍ക്ക് മുകളിലും ഡോറിലുമിരുന്ന് വിദ്യാര്‍ത്ഥികള്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്ന വിഡിയോ കണ്ട ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായാണ് ഫറൂഖ് കോളജിലെ വിദ്യാര്‍ത്ഥികള്‍ അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്.

വാഹനങ്ങള്‍ക്ക് മുകളില്‍ ഇരുന്നും സണ്‍റൂഫിനുള്ളിലൂടെ പുറത്തേക്ക് നിന്നുമൊക്കെയായിരുന്നു യാത്ര. ആഘോഷ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പും പോലീസും നടപടിയെടുത്തു. അഞ്ചു വാഹനങ്ങളുടെ പേരില്‍ ഫറോക്ക് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് കേസെടുക്കുകയും 47500 രൂപ പിഴ ഈടാക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥികള്‍ക്കെതിരെയും വാഹന ഉടമകള്‍ക്കെതിരെയും ഫറോക്ക് പോലീസ് കേസെടുത്തിരുന്നു. അപകടയാത്ര നടത്തിയ 10 വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കാണിച്ച് ഫറോക്ക് കോളേജിന് പോലീസ് നോട്ടീസ് നല്‍കുകയും ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*