കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവായ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിനെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം നടത്തിയത് നിയവിരുദ്ധമായാണെന്ന് അതിജീവിത ആരോപിക്കുന്നു. അന്വേഷണത്തില്‍ പോലീസിൻ്റെ സഹായം തേടിയിട്ടില്ല. തൻ്റെ ഭാഗം കേള്‍ക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചാണ് അന്വേഷണം നടത്തിയതെന്നും അതിജീവത പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത ഹര്‍ജി നൽകിയിരിക്കുന്നത്.
അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് ബോധപൂര്‍വ്വമാണ്. ഹൈക്കോടതി നിര്‍ദ്ദേശിച്ചത് ഫാക്ട് ഫൈന്‍ഡിങ്ങാണ്. പക്ഷേ, നടത്തിയത് ഫാക്ട് ഹൈഡിങ്ങാണ്. സംഭവത്തില്‍ ഉടന്‍ ക്രിമിനല്‍ കേസ് എടുക്കണം. കേസ് ഹൈക്കോടതി നിരീക്ഷണത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും അതിജീവിത ആവശ്യപ്പെടുന്നു. നടിയെ ആക്രമിച്ച കേസിലെ തെളിവായ, പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്നാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്. 2018 ജനുവരി 9ന് മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്ട്രേറ്റ് ആണെന്ന് റിപ്പോർട്ട് പറയുന്നു.
അങ്കമാലി മജിസ്ട്രേറ്റ് റീന റഷീദ് മെമ്മറി കാർഡ് പരിശോധിച്ചത് രാത്രി 9.58നാണ്. 2018 ഡിസംബർ 13ന് മെമ്മറി കാർഡ് പരിശോധിച്ചത് ജില്ലാ പ്രിൻസിപ്പാൾ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് ആണ്. ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹൻ മെമ്മറി കാർഡ് പരിശോധിച്ചത് നിയമ വിരുദ്ധമായാണ്. രാത്രി 10.58നാണ് മഹേഷ് മോഹൻ മെമ്മറി കാർഡ് പരിശോധിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
മെമ്മറി കാര്‍ഡ് ഉപയോഗിച്ച വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ശിരസ്തദാര്‍ താജുദ്ദീൻ്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് ശിരസ്തദാറിൻ്റെ ഫോണിലാണെന്നും റിപ്പോർട്ടിലുണ്ട്. ജഡ്ജ് ഹണി എം വർഗീസ് ആണ് മെമ്മറി കാർഡ് സംബന്ധിച്ച അന്വേഷണം നടത്തിയത്.
Be the first to comment