കൊലക്കേസ് പ്രതികളെ വിട്ടയക്കാൻ അസാധാരണ ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: കൊലക്കേസില്‍ 13 വര്‍ഷമായി ജയിലില്‍ കഴിയുന്ന രണ്ടു പേരെ വിട്ടയക്കാന്‍ അസാധാരണ ഉത്തരവുമായി ഹൈക്കോടതി. അറസ്റ്റിലാവുന്ന സമയത്ത് രണ്ടുപേര്‍ക്കും പ്രായപൂര്‍ത്തിയായിരുന്നില്ല. പ്രായത്തിന്‍റെ ആനുകൂല്യം നിഷേധിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

2011ലെ ഇടുക്കി പളനിസ്വാമി കൊലക്കേസിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്. അന്ന് അറസ്റ്റിലായതും തടവിലാക്കിയതും 16ഉം 17ഉം വയസ്സുണ്ടായിരുന്ന രണ്ട് ആണ്‍കുട്ടികളെയായിരുന്നു. രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ കണക്കെടുപ്പിനായി നാഷണല്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റി നിയോഗിച്ച സമിതിയുടെ പരിശോധനയിലാണ് ഇരുവരും ജയിലില്‍ കഴിയുന്നത് കണ്ടെത്തിയത്. ശിക്ഷാസമയത്ത് പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു രണ്ടുപേരുമെന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം തൊടുപുഴ സെഷന്‍സ് ജഡ്ജി നടത്തിയ അന്വേഷണത്തിലും സ്ഥിരീകരിച്ചു.

തുടര്‍ന്നാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എം.വി. ജോയ്, പി.ടി. കൃഷ്ണന്‍ കുട്ടി എന്നിവര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കോടതി കണ്ടെത്തിയതും നടപടിക്ക് നിര്‍ദേശിച്ചതും. 13 വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്നതിനാല്‍ നഷ്ടപരിഹാരം വിധിക്കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്‍റെയും, പോലീസ് ഉദ്യോഗസ്ഥരുടെയും വാദം കേള്‍ക്കാനായി കേസ് ഇനി 15ന് പരിഗണിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*