പഞ്ചസാരയുടെ അളവ് കൂടുതൽ; ബോൺവിറ്റ ‘ഹെൽത്ത് ഡ്രിങ്ക്’ അല്ല, പാനീയങ്ങൾക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി

ബോൺവിറ്റയെ ‘ഹെൽത്ത് ഡ്രിങ്ക്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര വ്യവസായ മന്ത്രാലയമാണ് ബോൺവിറ്റയുൾപ്പെടെയുള്ള പാനീയങ്ങൾ ഈ വിഭാഗത്തിൽ നിന്ന് പിൻവലിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) 2005ൽ രൂപീകരിച്ച സമിതി സിആർപിസി അനുച്ഛേദം 14 പ്രകാരം നടത്തിയ അന്വേഷണത്തിൽ എഫ്എസ്എസ്എഐ പുറത്തിറക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ‘ഹെൽത്ത് ഡ്രിങ്ക്’ എന്നൊരു വിഭാഗമില്ലെന്നും, അങ്ങനെ അവകാശപ്പെട്ടുകൊണ്ട് പാനീയങ്ങൾ വിൽക്കുന്നത് നിയമപരമല്ലെന്നും കണ്ടെത്തിയതായി ഏപ്രിൽ പത്തിന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.

കൂടാതെ എൻസിപിസിആർ നടത്തിയ അന്വേഷണത്തിൽ ബോൺവിറ്റയിൽ അനുവദിനീയമായതിലും കൂടുതൽ പഞ്ചസാരയുടെ അളവുള്ളതായി കണ്ടെത്തിയതും നടപടിക്ക് കാരണമാണ്. എഫ്എസ്എസ്എഐ നൽകിയ നിർദേശങ്ങൾ പാലിക്കാതെ ‘ഹെൽത്ത് ഡ്രിങ്ക്’ എന്ന പേരിൽ വിൽക്കുന്ന പാനീയങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*