ആരോഗ്യത്തിന് ഭീഷണി; രാജ്യത്ത് 440 ജില്ലകളിലെ ഭൂഗര്‍ഭ ജലത്തില്‍ ഉയര്‍ന്ന നൈട്രേറ്റ് സാന്നിധ്യം

ന്യൂഡല്‍ഹി: ഇന്ത്യയിലെ 440 ജില്ലകളിലെ ഭൂഗര്‍ഭജലത്തില്‍ ഉയര്‍ന്ന നൈട്രേറ്റിന്റെ അളവ് കണ്ടെത്തിയതായി കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡിന്റെ (സിജിഡബ്ല്യുബി) റിപ്പോര്‍ട്ട്. വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ 20 ശതമാനത്തിലും അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ നൈട്രേറ്റ് സാന്ദ്രത കണ്ടെത്തി.

രാജസ്ഥാന്‍, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള 40 ശതമാനത്തിലധികം സാമ്പിളുകളിലും നൈട്രേറ്റ് സാന്ദ്രത പരിധിക്ക് മുകളിലാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള സാമ്പിളുകളില്‍ 35. 74 ശതമാനം, തെലങ്കാനയില്‍ 27. 48, ആന്ധ്രാപ്രദേശില്‍ 23.5 ശതമാനം, മധ്യപ്രദേശില്‍ 22.58 ശതമാനം എന്നിങ്ങനെ പോകുന്നു കണക്കുകള്‍.

ഉത്തര്‍പ്രദേശ്, കേരളം, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളിലാണ് താരതമ്യേന കുറഞ്ഞ മലിനീകരണം റിപ്പോര്‍ട്ട് ചെയ്തത്. അരുണാചല്‍ പ്രദേശ്, അസം, ഗോവ, മേഘാലയ, മിസോറം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ എല്ലാ സാമ്പിളുകളും സുരക്ഷിത പരിധിക്കുള്ളിലായിരുന്നു.

ഇന്ത്യയിലെ പതിനഞ്ച് ജില്ലകളെ ഭൂഗര്‍ഭജലത്തിലാണ് ഉയര്‍ന്ന നൈട്രേറ്റ് അളവ് കണ്ടെത്തിയത്. രാജസ്ഥാനിലെ ബാര്‍മര്‍, ജോധ്പൂര്‍, മഹാരാഷ്ട്രയിലെ വാര്‍ധ, ബുള്‍ദാന, അമരാവതി, നന്ദേഡ്, ബീഡ്, ജല്‍ഗാവ്, യവത്മാല്‍, തെലങ്കാനയിലെ രംഗറെഡ്ഡി, ആദിലാബാദ്, സിദ്ദിപേട്ട്, തമിഴ്‌നാട്ടിലെ വില്ലുപുരം, ആന്ധ്രാപ്രദേശിലെ പല്‍നാട്; പഞ്ചാബിലെ ഭട്ടിന്‍ഡ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കാര്‍ഷിക മേഖലകളില്‍ നൈട്രജന്‍ അടിസ്ഥാനമാക്കിയുള്ള വളങ്ങളും മൃഗമാലിന്യവും ഉപയോഗിക്കുന്നത് മൂലം മലിനീകരണം ഉണ്ടാകുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഇത്തരം മലിനീകരണങ്ങള്‍ ഈ മേഖലയിലെ പ്രധാന പാരിസ്ഥിതിക പ്രശ്‌നമാണ്. 2024ലെ വാര്‍ഷിക ഭൂഗര്‍ഭജല ഗുണനിലവാര റിപ്പോര്‍ട്ട് പ്രകാരം 9.04 ശതമാനം സാമ്പിളുകളിലും സുരക്ഷിതമായതിനേക്കാള്‍ കൂടുതല്‍ ഫ്‌ലൂറൈഡ് അളവ് കണ്ടെത്തിയപ്പോള്‍ 3.55 ശതമാനം സാമ്പിളുകളില്‍ ആര്‍സെനിക് മലിനീകരണം കണ്ടെത്തി.

2023 മെയ് മാസത്തില്‍ ഭൂഗര്‍ഭജല ഗുണനിലവാരം പരിശോധിക്കുന്നതിനായി രാജ്യവ്യാപകമായി ആകെ 15,259 നിരീക്ഷണ സ്ഥലങ്ങളാണ് തെരഞ്ഞെടുത്തത്. ഇതില്‍, 25 ശതമാനം കിണറുകളും വിശദമായി പരിശോധിച്ചപ്പോള്‍ മഴക്കാലത്തിന് മുമ്പും ശേഷവുമുള്ള 4,982 ട്രെന്‍ഡ് സ്റ്റേഷനുകളില്‍ ഭൂഗര്‍ഭജല സാമ്പിള്‍ റീചാര്‍ജ് ഗുണനിലവാരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*