
ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. പേശികൾ, എല്ലുകൾ, മസിലുകൾ, എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രധിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും ശരീരത്തിൽ പ്രോട്ടീൻ അളവ് ശരിയായി നിലനിർത്തേണ്ടതുണ്ട്. ഊർജ്ജം വർധിപ്പിക്കാനും ഇത് സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
മുട്ട
പ്രോട്ടീനിന്റെയും വിറ്റാമിനുകളുടെയും സമ്പന്ന ഉറവിടമാണ് മുട്ട. ശരീരത്തിലെ മൊത്തത്തിലുള്ള കലോറി കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും മുട്ട വളരെയധികം സഹായിക്കും. ഒരു മുട്ടയിൽ ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അവശ്യ അമിനോ ആസിഡും മുട്ടയിൽ ധാരാളമുണ്ട്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പ്രഭാത ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ചിക്കൻ ബ്രെസ്റ്റ്
പ്രോട്ടീനിന്റെ മറ്റൊരു മികച്ച സ്രോതസാണ് ചിക്കൻ ബ്രെസ്റ്റ്. 100 ഗ്രാം ചിക്കൻ ബ്രെസ്റ്റിൽ ഏകദേശം 31 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പേശികളുടെ ആരോഗ്യത്തിനും ശരീരത്തിലെ കൊഴുപ്പ് കത്തിക്കാനും ഇത് സഹായിക്കും. കലോറിയുടെ അളവും ഇതിൽ കുറവാണ്. ശരീരഭാരം കുറയ്ക്കാനും ചിക്കൻ ബ്രെസ്റ്റ് സഹായിക്കും.
ഗ്രീക്ക് തൈര്
ഗ്രീക്ക് തൈരിൽ കാത്സ്യം, പ്രോബയോട്ടിക്സ്, പ്രോട്ടീൻ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ഗ്രീക്ക് തൈരിൽ 20 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിൽ പ്രോബയോട്ടിക്കുകൾ ധാരാളമുള്ളതിനാൽ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കും. കലോറി ഉപഭോഗം കുറയ്ക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്. ഗ്രീക്ക് തൈരിൽ അടങ്ങിയിട്ടുള്ള ഈ ഗുണങ്ങൾ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കും.
പനീർ
പ്രോട്ടീനിന്റെ സമ്പുഷ്ട സ്രോതസാണ് പനീർ. ഒരു കപ്പ് പനീരിൽ ഏകദേശം 28 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കാത്സ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണിത്. ഇത് മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. പനീരിൽ അടങ്ങിയിട്ടുള്ള കസിൻ എന്ന പ്രോട്ടീൻ ദഹിക്കാൻ കൂടുതൽ സമയം ആവശ്യമാണ്. അതിനാൽ ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായുള്ള തോന്നൽ ഉണ്ടാക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും.
കടല
പ്രോട്ടീൻ, ഫൈബർ എന്നിവ കടലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച കടലയിൽ 15 ഗ്രാം പ്രോട്ടീനാണുള്ളത്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താൻ അനുയോജ്യമായ ഭക്ഷണമാണിത്. സംതൃപ്തി വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കടല കഴിക്കുന്നത് നല്ലതാണ്.
Be the first to comment