റിലീസായി മണിക്കൂറുകൾക്കകം കങ്കുവയുടെ ഹൈ ക്വാളിറ്റി വ്യാജ പതിപ്പ് ടെല​ഗ്രാമിൽ; കർശന നടപടിയുമായി സ്റ്റുഡിയോ ​ഗ്രീൻ

റിലീസായി മണിക്കൂറുകൾക്കകം സൂര്യ ചിത്രം കങ്കുവയുടെ ഹൈ ക്വാളിറ്റി വ്യാജ പതിപ്പ് ടെല​ഗ്രാമിൽ. 1080p മുതൽ 240p വരെ ക്വാളിറ്റിയിലാണ് ചിത്രത്തിന്റെ പ്രിന്റ് പ്രചരിക്കുന്നത്. തമിൾ റോക്കേഴ്സ്, ടോറന്റ് പ്ലാറ്റ്ഫോമുകളിലും ചിത്രം പ്രചരിക്കുന്നതായാണ് കണ്ടെത്തൽ. ഇതിന് പുറമേ ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളും കങ്കുവയുടെ വ്യാജപതിപ്പ് പ്രദർശിപ്പിക്കുന്നതായി അന്വേഷണസംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇത്തരം പ്ലാറ്റ്ഫോമുകളുടെ ഉപഭോക്താക്കൾക്ക് ഫയൽ എളുപ്പം കണ്ടെത്താനാവും വിധമുളള സേർച്ച് വേഡുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ചിത്രം ലീക്ക് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നിർമാതാക്കളായ സ്റ്റുഡിയോ ​ഗ്രീൻ വ്യക്തമാക്കി.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശിവയുടെ സംവിധാനത്തിലെത്തിയ ഫാന്റസി-ആക്ഷൻ ചിത്രത്തിൽ സൂര്യയ്ക്കും പ്രതിനായക വേഷത്തിലെത്തുന്ന ബോളിവുഡ് താരം ബോബി ഡിയോളിനും പുറമെ ദിഷ പടാനിയും മുഖ്യവേഷം അവതരിപ്പിക്കുന്നുണ്ട്. ദിഷയുടെ ആദ്യ തമിഴ്‌ ചിത്രം കൂടിയാണിത്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് എഴുതിയ ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്. ആഗോളവ്യാപകമായി 38 ഭാഷകളിലായി റിലീസിനെത്തിയ ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് സൂര്യ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

കങ്കുവയ്ക്കുശേഷം പുറത്തിറങ്ങാനിരിക്കുന്ന സൂര്യ ചിത്രം കാർത്തിക് സുബ്ബാരാജാണ് സംവിധാനം ചെയ്യുന്നത്. ‘സൂര്യ 44’ എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും പൂർത്തിയായിട്ടുണ്ട്. റൊമാന്റിക് ആക്ഷൻ ചിത്രമായിരിക്കും ‘സൂര്യ 44’ എന്നാണ് കാർത്തിക്കിന്റെ വെളിപ്പെടുത്തൽ. ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് സൂര്യയുടെ നായിക. ജയറാം, ജോജു ജോർജ്, നാസർ, പ്രകാശ് രാജ്, സുജിത് ശങ്കർ, കരുണാകരൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*