
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിൽ 7 ജില്ലകളിൽ അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിൽ അൾട്രാ വയലറ്റ് സൂചികയിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തി.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട് മലപ്പുറം ജില്ലകളിൽ അൾട്രാ വയലറ്റ് സൂചികയിൽ യെലോ അലർട്ടാണ് രേഖപ്പെടുത്തിയത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
അതേസമയം, സംസ്ഥാനത്ത് വെള്ളി ശനി ദിവസങ്ങളിൽ 11 ജില്ലകളിൽ യെലോ അലർട്ടാണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കും. അതായത്, സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.
Be the first to comment