ചരിത്രത്തിലാദ്യമായി 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ താപനില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  സംസ്ഥാനത്തെ 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പായി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.  ഇന്നും നാളെയും കൊല്ലം, ആലപ്പുഴ, കോട്ടയം & തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയാകും.  പത്തനംതിട്ട, എറണാകുളം, പാലക്കാട് & കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് & കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.  സാധാരണ താപനിലയെക്കാൾ 2 മുതൽ 4°C വരെയാണ് താപനില വർധിക്കുക.  സംസ്ഥാന ചരിത്രത്തിലാദ്യമായാണ് 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നൽകുന്നത്.  ഇടുക്കിയും വയനാടുമാണ് മുന്നറിയിപ്പിൽ നിന്നൊഴിവാക്കിയ ജില്ലകൾ.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.  ജില്ലകളിലൊന്നും മഴ സാധ്യതകൾ ഇല്ല.  50 വർഷത്തെ ശരാശരി പ്രകാരം ഇതാദ്യമാണ് മിക്ക ജില്ലകളിലും താപനില രണ്ട് മുതൽ നാല് ഡിഗ്രി വരെ ഉയരുന്നത്.  കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലെ അന്തരം എട്ടു മുതല്‍ 12 ഡിഗ്രി വരെയായി കുറഞ്ഞതും ആശങ്ക ഉയർത്തുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*