
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. മാർച്ച് നാല്, അഞ്ച് (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേൽക്കുമെന്നാണ് റിപ്പോർട്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിലെ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കാണ് സാധ്യത.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കേരളത്തിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഉയർന്ന ചൂട് സൂര്യാഘാതം, നിർജലീകരണം, സൂര്യാതപം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കും. പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്. പകൽ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ട് കൂടുതൽ നേരം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. ഈ സമയത്ത് കൂടുതൽ നേരം സൂര്യപ്രകാശം ഏൽക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കും.
Be the first to comment