
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്
കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത.
പാലക്കാട് ഇന്ന് മാത്രമായി രേഖപ്പെടുത്തിയത് 37 . 4 ഡിഗ്രി താപനിലയാണ്. രണ്ടുദിവസം മുൻപ് 39.4 ഡിഗ്രി വരെ ചൂട് ഉയർന്നെന്ന് കാലാവസ്ഥ വിദഗ്ദർ പറയുന്നു. ഒരാഴ്ചക്കുള്ളിൽ ജില്ലയിൽ 40 ഡിഗ്രി ചൂട് കടന്നേക്കും.
അന്തരീക്ഷ ഊഷ്മാവ് നിലവിൽ 49 ഡിഗ്രിയിലാണുള്ളത്.
അതേസമയം, കോഴിക്കോട് ഒരു വിദ്യാർഥിക്ക് സുര്യാഘാതമേറ്റു. താമരശേരി സ്വദേശി മുസ്തഫയുടെ കഴുത്തിനാണ് പൊള്ളലേറ്റത്. കോളജിലേക്ക് പോകാൻ ബൈക്കിൽ യാത്രചെയ്യുമ്പോഴായിരുന്നു സുര്യാഘാതമേറ്റത്. വിദ്യാർഥി താമരശേരിയിലെ ആശുപത്രിയിൽ ചികിത്സ തേടി.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്നും അറിയിപ്പുണ്ട്.
- പകൽ 11 മുതല്‍ 3 മണി വരെ നേരിട്ട് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
- പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക.
- മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക.
- പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക.
- പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
- അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുക, വൈദ്യസഹായം തേടുക.
Be the first to comment