തൊണ്ടിമുതല്‍ മാറ്റിയ സംഭവം:ആന്‍റണി രാജുവിനെതിരായ വിചാരണ നീണ്ടുപോയത് ഗൗരവകരമെന്ന് ഹൈക്കോടതി

കൊച്ചി;ലഹരിമരുന്നു കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്വിമം നടത്തിയെന്ന കേസില്‍ മന്ത്രി ആന്‍റണി രാജുവിനെതിരായ വിചാരണ നീണ്ടുപോയത് ഗൗരവകരമെന്ന് ഹൈകോടതി.എന്തുകൊണ്ട് വിചാരണ ഇത്രകാലം നീണ്ടുപോയി ?ആന്‍റണി രാജുവിനെതിരായ വിചാരണ വേഗത്തിലാക്കണമെന്ന ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ഹർജിയിൽ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാവില്ല എന്ന് കോടതി നിരീക്ഷിച്ചു.ആന്‍റണി രാജുവിന് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു.

 കേസ് അട്ടിമറിക്കാൻ വിചാരണ മനപൂ‍ർവം വൈകിക്കുന്നെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. പ്രതിയായ മന്ത്രി കോടതിയിൽ ഹാജരാകാൻ പോലും തയാറായിട്ടില്ല. മനപൂ‍ർവം കേസ് നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലും ദുരുദ്ദേശങ്ങളുമുണ്ടെന്നും ഹർജിയിലുണ്ട്. ഈ സാഹചര്യത്തിൽ വിചാരണ പൂ‍ർത്തിയാക്കാൻ ഹൈക്കോടതി തന്നെ സമയം നിശ്ചയിക്കണമെന്നാണ് ആവശ്യം. മൂന്ന് മാസത്തിനുളളിൽ വിചാരണ പൂർത്തിയാക്കുമെന്ന് തിരുവനന്തപുരം സിജെഎം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. മയക്കുമരുന്ന് കേസിൽ വിദേശയായ പ്രതിയെ രക്ഷിക്കാൻ ആന്‍റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്.

തൊണ്ടിമുതലിൽ കൃത്രിമം കാട്ടി മയക്കുമരുന്നു കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസെടുക്കുന്നത്. 1994 ലാണ് സംഭവുമുണ്ടാകുന്നത്.  2006 ൽ കുറ്റപത്രം സമർപ്പിച്ചു. വർഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ആരംഭിക്കുമ്പോള്‍ മന്ത്രിക്കെതിരായ പ്രോസിക്യൂഷന വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. 29 സാക്ഷികളിൽ എല്ലാവരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരാണ്. മൂന്ന് പേർ മരിച്ചു. ബാക്കി എല്ലാവരും 60 വയസ്സിന് മേൽ പ്രായമുള്ളവരും. വർഷങ്ങള്‍ പഴക്കമുള്ള സംഭവത്തിൽ സാക്ഷിമൊഴികളും തെളിവുകളും കോടതിയിൽ സമർത്ഥിക്കണമെങ്കിൽ പ്രോസിക്യൂഷൻ അതിശക്തമായി വാദിക്കണം. സാക്ഷികളെ പഴയകാര്യങ്ങൾ വീണ്ടും ഓർമ്മിപ്പിക്കണം. നിലവിൽ ഒരു സർക്കാർ അഭിഭാഷകയാണ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നത്. മന്ത്രിക്കെതിരായ കേസിൽ എത്രത്തോളം സർക്കാർ അഭിഭാഷകൻ വാദിക്കുമെന്നതാണ് ചോദ്യം.

Be the first to comment

Leave a Reply

Your email address will not be published.


*