ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു; പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 22 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഒക്ടോബർ മാസം നടന്ന ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in എന്ന സൈറ്റിൽ ഫലം ലഭ്യമാണ്.

ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോ കോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദ്ദിഷ്ട ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് നവംബർ 22നകം സമർപ്പിക്കേണ്ടതാണ്. സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകൾ iexams -ൽ പ്രിൻസിപ്പൽമാർ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി നവംബർ 24.

പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 500 രൂപയാണ് ഫീസ്. ഉത്തരക്കടലാസുകളുടെ ഫോട്ടോ കോപ്പിയ്ക്ക് 300 രൂപ, സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപ എന്നിങ്ങനെയാണ് മറ്റു ഫീസുകൾ. അപേക്ഷകൾ ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാ ഫോറങ്ങൾ സ്കൂളുകളിലും ഹയർസെക്കൻഡറി പോർട്ടലിലും ലഭ്യമാണെന്ന് എക്സാമിനേഷൻസ്, ബോർഡ് ഓഫ് ഹയർസെക്കൻഡറി സെക്രട്ടറിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*