ഹയര്‍സെക്കന്‍ഡറി പരീക്ഷ; ചോദ്യപേപ്പര്‍ അടിച്ചത് കറുപ്പിന് പകരം ചുവന്ന മഷിയില്‍

ഇന്നു തുടങ്ങിയ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ അടിച്ചത് കറുപ്പിന് പകരം ചുവന്ന മഷിയില്‍. ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറാണ് ചുവപ്പ് കളറില്‍ അടിച്ചു വിതരണം ചെയ്തത്.  കാലങ്ങളായി പൊതുപരീക്ഷകളുടെ ചോദ്യപേപ്പർ കറുപ്പ് മഷിയിലാണ് അച്ചടിക്കാറുള്ളത്.  അധ്യാപക സംഘടനകളോട് ആലോചിക്കാതെ  അതീവ രഹസ്യമായാണ് ചോദ്യപേപ്പറിലെ നിറംമാറ്റം നടപ്പിലാക്കിയത്.  മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഇത് പരാമര്‍ശിച്ചിട്ടുമില്ല. അധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശങ്ങളിലും ചോദ്യപേപ്പര്‍ ചുവപ്പ് ആക്കി മാറ്റിയത് അറിയിച്ചിട്ടില്ല. ചോദ്യപേപ്പര്‍ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് അധ്യാപകര്‍ തന്നെ നിറംമാറ്റം അറിയുന്നത്. അധ്യാപകര്‍ ആശയവിനിമയം നടത്തിയപ്പോഴാണ്  ആരും ഇക്കാര്യം അറിഞ്ഞിട്ടില്ല എന്നു  വ്യക്തമായത്.  

നിറംമാറ്റം കുട്ടികളെ അക്ഷാര്‍ത്ഥത്തില്‍ വലച്ചു.  ചുവന്ന മഷിയിലുള്ള ചോദ്യപേപ്പര്‍ വായിക്കാന്‍ കുട്ടികള്‍ പലരും ബുദ്ധിമുട്ടി. അവ്യക്തമായ രീതിയിലാണ് അച്ചടി നടന്നതും. അക്ഷരങ്ങള്‍ പേപ്പറില്‍ തെളിഞ്ഞു വന്നിട്ടുമില്ല.  കുട്ടികള്‍ ചോദ്യങ്ങള്‍ വായിക്കാന്‍ തന്നെ ബുദ്ധിമുട്ടിയ അവസ്ഥയായിരുന്നു. കണ്ണിനു നല്ലതും വായിക്കാന്‍ നല്ലതും വെളുത്ത പേപ്പറില്‍ കറുത്ത കളറില്‍ അച്ചടിക്കുന്നതാണ്. ലോകമാകെ അംഗീകരിച്ച രീതിയാണിത്.  ആ രീതിയാണ് അധികൃതര്‍ തെറ്റിച്ചത്.

32 വര്‍ഷമായി കുട്ടികള്‍ക്ക് ഒരു പ്രശ്നവും വന്നിട്ടില്ല. പിന്നെ എന്തുകൊണ്ട് ഇത്തവണ മാത്രം പ്രശ്നം വന്നു എന്ന ചോദ്യമാണ് അധ്യാപക സംഘടനകള്‍  ഉയര്‍ത്തുന്നത്. ചോദ്യപേപ്പര്‍ പ്രശ്നത്തില്‍ രക്ഷിതാക്കളും കടുത്ത പ്രതിഷേധത്തില്‍ തന്നെയാണ്. അതേസമയം, ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ചോദ്യം. പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഒരുമിച്ചു നടക്കുന്നതിനാൽ ചോദ്യപേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം.

Be the first to comment

Leave a Reply

Your email address will not be published.


*