കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ സർക്കാർ

ഔഷധ, മെഡിക്കൽ, വ്യവസായ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ പ്രദേശ്. വെള്ളിയാഴ്ച റവന്യൂ മന്ത്രി ജഗത് സിങ് നേഗിയാണ് കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള പ്രമേയം പാസാക്കിയത്.

‘കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിൽ സംസ്ഥാനത്തെ ജനങ്ങളും പിന്തുണയ്ക്കുന്നു, കാരണം കഞ്ചാവ് കൃഷിക്ക് കൂടുതൽ അധ്വാനം ആവശ്യമില്ല, അതിനാൽ നമുക്ക് അത് ഔഷധത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കാം. ഇന്ന് സഭ ഐകകണ്ഠ്യേന ഈ പ്രമേയം അംഗീകരിച്ചിരിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് നിയന്ത്രിതമായി കഞ്ചാവ് കൃഷി ചെയ്യുന്നതിനെ അനുകൂലിച്ചുകൊണ്ട് വൻ പിന്തുണയാണ് ലഭിക്കുന്നത്. കൃഷിവകുപ്പ് ഗവേഷണ വികസന വിദഗ്‌ധരെയും സർവകലാശാലകളെയും ഏകോപിപ്പിച്ച് കഞ്ചാവ് കൃഷിക്കായി വിത്ത് ബാങ്കുകൾ വികസിപ്പിക്കും. അതിനിടെ, അധിക ജോലികൾ കൈകാര്യം ചെയ്യാൻ എക്‌സൈസ് വകുപ്പിന് പ്രത്യേക ജീവനക്കാരെയും നൽകും.

നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്ടിലെ 10, 14 വകുപ്പുകൾ പ്രകാരം, ഔഷധ, ശാസ്ത്രീയ, വ്യാവസായിക ആവശ്യങ്ങൾക്കായി സംസ്ഥാനത്ത് കഞ്ചാവ് (ചരസ് ഒഴികെ) കൃഷി ചെയ്യുന്നത് നിയമവിധേയമാക്കുന്ന കാര്യം പരിശോധിക്കാൻ ഒരു സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. 2023 ഏപ്രിൽ 26ന് രൂപീകരിച്ച സമിതിയിൽ ശാസ്ത്രജ്ഞർ, ഹോർട്ടികൾച്ചർ വിദഗ്ധർ, എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും അംഗങ്ങളും ഉൾപ്പെട്ടിരുന്നു.

ഇതനുസരിച്ച് സംസ്ഥാനത്തെ കഞ്ചാവ് കൃഷിയെക്കുറിച്ച് പൊതുജനാഭിപ്രായം ശേഖരിക്കുന്നതിനായി ചമ്പ, കാൻഗ്ര, കുളു, മാണ്ഡി, സിർമൗർ, സോളൻ ജില്ലകളിലെ പ്രാദേശിക ഗ്രാമപഞ്ചായത്തുകളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കഞ്ചാവ് ഉത്പാദനം,കൃഷി, കൈവശം വയ്ക്കൽ, വിൽപന, വാങ്ങൽ, ഗതാഗതം, സംഭരണം, കൂടാതെ ഉപഭോഗം എന്നിവ നിരോധിക്കുന്ന നിയമമാണ് നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്ട്. ഈ നിയമം ഭേദഗതി ചെയ്യുന്നതിനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഇതോടെ കഞ്ചാവ് ചെടികളുടെ ഉത്പാദനം, കൈവശം വയ്ക്കൽ, എന്നിവയ്‌ക്കൊപ്പം കൃഷി ചെയ്യാനും അനുവാദം ലഭിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*