അദാനി കമ്പനിക്ക് ബന്ധമുള്ള അഞ്ച് അക്കൗണ്ടുകൾ സ്വിറ്റ്‌സര്‍ലന്റ അധികൃതർ മരവിപ്പിച്ചുവെന്ന് ഹിൻഡൻബർഗ് റിപ്പോർട്ട് ; നിഷേധിച്ച് കമ്പനി

അദാനി കമ്പനിക്ക് ബന്ധമുള്ള അഞ്ച് അക്കൗണ്ടുകൾ സ്വിറ്റ്‌സര്‍ലന്റ അധികൃതർ മരവിപ്പിച്ചുവെന്ന് ഹിൻഡൻബർഗ് റിപ്പോർട്ട്. അദാനിക്കെതിരെ സ്വിറ്റ്‌സര്‍ലന്റില്‍ അന്വേഷണം നടക്കുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജ സെക്യൂരിറ്റി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട അന്വേഷത്തിന്റെ ഭാഗമായാണ് അദാനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. അഞ്ച് അക്കൗണ്ടുകളിലായി 310 മില്യണ്‍ ഡോളറിലധികം പണമാണ് അദാനിയുടേതായി സ്വിസ് അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുന്നത്. ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് അദാനി കമ്പനി രംഗത്തെത്തിയിട്ടുണ്ട്. സ്വിസ് മീഡിയ ഔട്ട്​ലെറ്റായ ഗോതം സിറ്റി പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിലാണ് ഹിൻഡൻബർഗിന്റെ ആരോപണം.

അതേസമയം, തങ്ങളുടെ അക്കൗണ്ടുകള്‍ ഒരു അധികാരകേന്ദ്രവും മരവിപ്പിച്ചിട്ടില്ലെന്നും അദാനി കമ്പനി പറഞ്ഞു. സുതാര്യമായ രീതിയിലാണ് കമ്പനിയുടെ മുഴുവന്‍ വിദേശ നിക്ഷേപങ്ങളെന്നും അദാനി ഗ്രൂപ്പ് പറയുകയുണ്ടായി. 2023 ജനുവരിയില്‍ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികള്‍ ഓഹരി വിപണിയില്‍ കൃത്രിമത്വവും തട്ടിപ്പും നടത്തിയെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. റിസേര്‍ച്ച് സ്ഥാപനത്തിന്റെ കണ്ടെത്തല്‍ അദാനി ഗ്രൂപ്പ് തള്ളുകയും ചെയ്തിരുന്നു.

ഒരു ഓഹരി പങ്കാളിയുമായി ചേര്‍ന്ന് നടത്തിയ ഇടപാടില്‍ നിന്ന് 4.1 മില്യണ്‍ ഡോളറും കമ്പനിയുടെ യു.എസ് ബോണ്ടുകളിലൂടെ 31,000 ഡോളറുമാണ് അദാനി ഗ്രൂപ്പ് നേടിയത്. ഈ ഓഹരി പങ്കാളിയുടെ പേര് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നില്ല. ഇതിനുപിന്നാലെ ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരെയും ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അദാനി കമ്പനികളുടെ വിദേശത്തെ രഹസ്യ സ്ഥാപനങ്ങളില്‍ ബുച്ചിന് നിക്ഷേപമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

Be the first to comment

Leave a Reply

Your email address will not be published.


*