
സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കാശി വിദ്വത് പരിഷത്ത് തയ്യാറാക്കിയ പുതിയ ‘ഹിന്ദു പെരുമാറ്റച്ചട്ടം’ പ്രയാഗ്രാജില് നടക്കുന്ന മഹാ കുംഭത്തില്‍ പ്രകാശനം ചെയ്യും . വാരണാസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പശസ്തമായ അക്കാദമിക് സ്ഥാപനമാണ് കാശി വിദ്വത് പരിഷത്ത്. വൈദിക വിജ്ഞാന സമ്പ്രദായങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് പ്രവര്‍ത്തനലക്ഷ്യം. 300 പേജുകളുള്ള ‘ഹിന്ദു പെരുമാറ്റച്ചട്ടം’ മഹാകുംഭ മേളയില്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സന്യാസിമാരുടെയും ദര്‍ശകരുടെയും യോഗത്തില്‍ ചര്‍ച്ച ചെയ്യും. യോഗത്തില്‍ ശങ്കരാചാര്യന്മാര് ഉള്‍പ്പെടുന്ന സന്യാസിമാര്‍ ‘അംഗീകാരം’ നല്‍കിയതിന് ശേഷം പെരുമാറ്റച്ചട്ടത്തിന്റെ ആയിരക്കണക്കിന് കോപ്പികള്‍ അച്ചടിച്ച് മഹാകുംഭത്തില്‍ ഭക്തര്‍ക്ക് വിതരണം ചെയ്യാനാണ് പദ്ധതി.
കഴിഞ്ഞ 15 വര്‍ഷമായി രാജ്യത്തുടനീളമുള്ള വേദപണ്ഡിതന്മാരുമായും ദര്‍ശകരുമായും വിപുലമായ ചര്‍ച്ചകള്‍ നടത്തി തയ്യാറാക്കിയ പെരുമാറ്റച്ചട്ടത്തിന്റെ ഉള്ളടക്കം പരസ്യമാക്കിയിട്ടില്ലെന്ന് അഖിലേന്ത്യ സാന്ത് സമിതി ജനറല്‍ സെക്രട്ടറി ജിതേന്ദ്രാനന്ദ സരസ്വതി പറഞ്ഞു. സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക ജീവിതവും ആചാരങ്ങളും എങ്ങനെ നടത്തണം എന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാകും പെരുമാറ്റച്ചട്ടമെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മ്മത്തില്‍ സൂര്യന്റെ സാന്നിധ്യത്തില്‍ നടക്കുന്ന വിവാഹങ്ങളാണ് ഏറ്റവും മികച്ചതായി കണക്കാക്കുന്നത്. അതിനാല്‍ പുതിയ പെരുമാറ്റച്ചട്ടം രാത്രിയിലെ വിവാഹങ്ങളെ വിലക്കുകയും പകല്‍ സമയത്ത് വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പെണ്‍ഭ്രൂണഹത്യയെ ‘പാപം’ എന്ന് വിശേഷിപ്പിക്കുകയും വിവാഹങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള സ്ത്രീധനം തടയുകയും പുതിയ പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമാവലി സ്ത്രീകളെ എല്ലാ അര്‍ത്ഥത്തിലും പുരുഷന് തുല്യരാക്കുന്നതാണ്. അതിനാല്‍, യജ്ഞം (അഗ്നി കൊണ്ടുള്ള ഒരു ചടങ്ങ്) നടത്താന്‍ സ്ത്രീകളെ അനുവദിക്കും. ജാതിയുടെ അടിസ്ഥാനത്തിലുള്ള തൊട്ടുകൂടായ്മ വൈദിക പാരമ്പര്യത്തിന്റെ ഭാഗമായിരുന്നില്ലെന്നും അത് ‘അടിമത്തത്തിന്റെ’ ഫലമാണെന്നും അതിനാല്‍ പട്ടികജാതി വിഭാഗത്തിലെ അംഗങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്കില്ലെന്നും പെരുമാറ്റച്ചട്ടം വ്യക്തമാക്കുന്നു. ശാസ്ത്രമനുസരിച്ച് എല്ലാവരും ജന്മം കൊണ്ട് ഹിന്ദുക്കളായതിനാല്‍ ഹിന്ദുമതത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ‘ഘര്‍ വാപ്സി’ ചെയ്യാമെന്നും ” കാശി വിദ്വത് പരിഷത്തുമായി ബന്ധപ്പെട്ട പണ്ഡിതന് പറഞ്ഞു. ‘പുരാണങ്ങളില്‍’ നിന്നും മറ്റ് പുരാതന ഹൈന്ദവ ഗ്രന്ഥങ്ങളില്‍ നിന്നും ഉദാഹരണങ്ങള്‍ എടുത്താണ് പുതിയ കോഡ് ഉണ്ടാക്കിയതെന്നും അത് ‘കര്‍മ’ത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
Be the first to comment