വീട്ടുജോലിക്കാരെ ഉപദ്രവിച്ചതിന് ഹിന്ദുജ ഗ്രൂപ്പ് കുടുംബത്തിന് തടവുശിക്ഷ

ന്യൂഡൽഹി: ജനീവയിലെ വില്ലയില്‍ വച്ച് ഇന്ത്യക്കാരായ വീട്ടുജോലിക്കാരെ ഉപദ്രവിച്ചുവെന്ന കേസില്‍ ഹിന്ദുജ ഗ്രൂപ്പ് കുടുംബത്തിലെ നാല് പേര്‍ക്ക് നാലര വര്‍ഷം വീതം തടവുശിക്ഷ. സ്വിസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ വംശജനും പ്രമുഖ വ്യവസായിയുമായ പ്രകാശ് ഹിന്ദുജ, ഭാര്യ, മകന്‍, മകന്റെ ഭാര്യ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്. നിയമവിരുദ്ധമായി തൊഴില്‍ ചെയ്യിപ്പിച്ചു, ജോലിക്കാരെ ഉപദ്രവിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

വിധി കേള്‍ക്കാന്‍ ഹിന്ദുജ കുടുംബത്തിലെയാരും കോടതിയിലെത്തിയിരുന്നില്ല. കേസിലെ അഞ്ചാം പ്രതിയും ഫാമിലി ബിസിനസ് മാനേജരുമായ നജീബ് സിയാസി മാത്രമാണ് കോടതിയിലെത്തിയത്. ഇയാള്‍ക്ക് കോടതി 18 മാസത്തെ തടവുശിക്ഷ വിധിച്ചു.എന്നാൽ ആഡംബര വില്ലയില്‍ ജോലി ചെയ്യിക്കാനായി ഇന്ത്യയില്‍ നിന്നും ആളുകളെ മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ ഇവരെ കോടതി കുറ്റവിമുക്തരാക്കി.

തങ്ങള്‍ ജോലി ചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് പരാതിക്കാരായ ജീവനക്കാര്‍ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മനുഷ്യക്കടത്ത് കേസില്‍ ഇവരെ കുറ്റവിമുക്തരാക്കിയത്. ജീവനക്കാരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുക, സ്വിസ് ഫ്രാങ്കിന് പകരം ഇന്ത്യന്‍ രൂപയില്‍ ശമ്പളം നല്‍കുക, പുറത്തേക്ക് പോകാന്‍ അനുവദിക്കാതിരിക്കുക, ചെറിയ ശമ്പളത്തില്‍ നീണ്ട നേരം ജോലി ചെയ്യിക്കുക തുടങ്ങിയവയായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണം.2007-ല്‍ സമാന കേസില്‍ പ്രകാശ് ഹിന്ദുജയെ ശിക്ഷിച്ചിരുന്നു.

എന്നാൽ പ്രതി നിയമവിരുദ്ധ പ്രവര്‍ത്തനം തുടര്‍ന്നതായി കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. ഹിന്ദുജ ഗ്രൂപ്പിന്റെ സ്വത്തുക്കളില്‍ ഒരു ഭാഗം ഇതിനോടകം സ്വിസ് അധികൃതര്‍ കണ്ടുകെട്ടിയിട്ടുണ്ട്. ഇത് നിയമച്ചെലവുകള്‍ക്കും പിഴയടക്കാനും ഉപയോഗിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*