ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ നാളെ

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ വെള്ളിയാഴ്ച നടക്കും. പകൽ പന്ത്രണ്ടോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ എരുമേലി കൊച്ചമ്പലത്തിൽനിന്ന്‌ തുടങ്ങും. ദേഹം മുഴുവൻ വർണങ്ങളിൽ മുങ്ങി ചെണ്ടമേളത്തിന്റെയും നെറ്റിപ്പട്ടം കെട്ടിയ ഗജവീരനനമൊരുടേയും അകമ്പടിയോടെ സംഘം പേട്ടതുള്ളി എരുമേലി വാവര് പള്ളിയുടെ കവാടത്തിലെത്തും. എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്‌ ഹാജി പി എ ഇർഷാദ് പഴയ താവളം, സെക്രട്ടറി സി എ എം കരീം ചക്കാലയ്ക്കൽ, ജമാ അത്ത് കമ്മിറ്റിയംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിക്കും. പെരിയസ്വാമിയെ പച്ച ഷാൾ അണിയിച്ച് സ്വീകരിക്കും. വാവര് പള്ളിക്ക് വലംവെച്ച് പേട്ടതുള്ളൽ നടത്തിയെത്തുന്ന ഈ സംഘം കാണിക്ക അർപ്പിച്ച് വലിയമ്പലത്തിലേക്ക് പോകും.

വാവരുസ്വാമിയുടെ ഒരു പ്രതിനിധി വലിയമ്പലം വരെ ഈ സംഘത്തെ അനുഗമിക്കും. മൂന്നോടെ ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ കൊച്ചമ്പലത്തിൽനിന്ന്‌ തുടങ്ങും ദേഹമാസകലം ചന്ദനം അരച്ച് തേച്ച് ചെണ്ടമേളം, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ എന്നിവരുടെ അകമ്പടിയോടെ വാവര് പള്ളിയുടെ കവാടത്തിലെത്തും. ഈ സംഘം പള്ളി വളപ്പിൽ കയറാറില്ല. ഇവരെയും ജമാഅത്ത് ഭാരവാഹികൾ സ്വീകരിക്കും. ഇരുകൂട്ടരേയും ദേവസ്വം – അയ്യപ്പസേവാസംഘം ഭാരവാഹികൾ വലിയമ്പലം കവാടത്തിൽ സ്വീകരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*