ചരിത്ര മുഹൂർത്തം; കാൻസ് പിയർ ആഞ്ജിനോ ട്രിബ്യൂട്ട് പുരസ്‌ക്കാരം സന്തോഷ് ശിവന് വെള്ളിയാഴ്ച സമ്മാനിക്കും

2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഛായാഗ്രഹണത്തിന് നൽകുന്ന പ്രത്യേക പുരസ്‌ക്കാരം വിഖ്യാത ഇന്ത്യൻ ഛായാഗ്രഹകനും മലയാളിയുമായ സന്തോഷ് ശിവന് നാളെ സമ്മാനിക്കും. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ കൂടിയാണ് സന്തോഷ് ശിവൻ.

അന്താരാഷ്ട്ര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് 2013 മുതൽ നൽകിവരുന്ന പുരസ്‌ക്കാരമാണ് പിയർ ആഞ്ജിനൊ ട്രിബ്യൂട്ട്.റെഡ് കാർപറ്റ് ഇവൻറിന് ശേഷമുള്ള ചടങ്ങിലാണ് സന്തോഷ് ശിവന് പുരസ്‌ക്കാരം സമ്മാനിക്കുക.

ക്രിസ്റ്റഫർ ഡോയൽ, റോജർ ഡീക്കിൻസ്, ബാരി അക്രോയ്ഡ് , ഡാരിയസ് ഖൊൺജി, ആഗ്നസ് ഗൊദാർദ് തുടങ്ങിയ പ്രമുഖ വ്യക്തികൾക്കാണ് ഇതിന് മുമ്പ് പുരസ്‌ക്കാരം ലഭിച്ചത്.

12 ദേശീയ പുരസ്‌ക്കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്‌ക്കാരങ്ങളും മൂന്ന് തമിഴ്‌നാട് സംസ്ഥാന പുരസ്‌ക്കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങളും സ്വന്തമാക്കിയ സന്തോഷ് ശിവൻ സംവിധായകൻ കൂടിയാണ്. അനന്തഭദ്രം, അശോക, ഉറുമി, ജാക്ക് ആൻഡ് ജിൽ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിരുന്നു. ഇതിന് പുറമെ മകരമഞ്ഞ് എന്ന ലെനിൻ രാജേന്ദ്രൻ ചിത്രത്തിൽ നായകനായും അദ്ദേഹം അഭിനയിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*