ചരിത്രപരമായ നാഴികക്കല്ല്; സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ച് മണിപ്പൂരിലെ നിരോധിത സംഘടന

ആറ് പതിറ്റാണ്ട് നീണ്ട സായുധ -വിഘടനവാദ പോരാട്ടം അവസാനിപ്പിച്ച് യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട്. വിഘടനവാദ ആശയം മുന്‍നിര്‍ത്തി മണിപ്പൂരിൽ പ്രവർത്തിച്ചു വന്നിരുന്ന സായുധ സംഘം ബുധനാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സമാധാന കരാർ ഒപ്പുവച്ചത്. ഇംഫാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും പഴക്കമുള്ള സംഘടനയാണ് യുഎൻഎൽഎഫ്.

“ചരിത്രത്തിലെ നാഴികക്കല്ല്!” എന്നാണ് അമിത് ഷാ സമാധാന കരാറിനെ വിശേഷിപ്പിച്ചത്. “യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ഇന്ന് ന്യൂഡൽഹിയിൽ സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചതോടെ വടക്കുകിഴക്കൻ മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കാനുള്ള മോദി സർക്കാരിന്റെ അശ്രാന്ത പരിശ്രമത്തിൽ ഒരു പുതിയ അധ്യായം കൂടി കൂട്ടിച്ചേർക്കപ്പെടുന്നു” അമിത് ഷാ എക്സില്‍ കുറിച്ചു.

പുതിയ കരാറിനെ സ്വാഗത ചെയ്ത് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങും രംഗത്തെത്തിയിരുന്നു. സമാധാനപൂർണമായ വടക്ക്-കിഴക്കൻ മേഖലയ്ക്ക് വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അചഞ്ചലമായ പിന്തുണയും കാഴ്ചപ്പാടുമാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഈ കൂട്ടായ പരിശ്രമം മണിപ്പൂരിന്റെയും മുഴുവൻ വടക്കു കിഴക്കന്‍ പ്രദേശത്തിന്റെയും സമാധാനപരമായ ഭാവിക്കും വഴിതുറക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇംഫാൽ താഴ്‌വര ആസ്ഥാനമായുള്ള ഒരു വിമത ഗ്രൂപ്പുമായി തന്റെ സർക്കാർ ചർച്ച നടത്തുകയാണെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് നേരത്തെ അറിയിച്ചിരുന്നു. അതിനുപിന്നാലെയാണ് പുതിയ സംഭവവികാസം.

യുഎൻഎൽഎഫും അതിന്റെ സായുധ സംഘമായ മണിപ്പൂർ പീപ്പിൾസ് ആർമിയും ഉൾപ്പെടെ നിരവധി തീവ്രസംഘടനകളെ അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. മണിപ്പൂരിൽ നടക്കുന്ന കലാപത്തിന്റെ ഭാഗമായായിരുന്നു നിരോധിക്കാനുള്ള തീരുമാനം. 2015ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരുമായി നാഗാലാൻഡ് ആസ്ഥാനമായുള്ള എൻഎസ്‌സിഎൻ (ഐഎം) സമാധാന കരാറിൽ ഒപ്പിട്ടിരുന്നു. അതിനുശേഷം വടക്കുകിഴക്കൻ മേഖലയിലെ വലിയൊരു വിമത ഗ്രൂപ്പുമായി ഒപ്പിടുന്ന ആദ്യ കരാറാണിത്.

Be the first to comment

Leave a Reply

Your email address will not be published.


*