വാസ്തുവിദ്യയുടെ വിസ്മയമയമായി നി‌ലകൊള്ളുന്ന കോയിക്കൽ കൊട്ടാരത്തിൻ്റെ ചരിത്രം

വാസ്തുവിദ്യയുടെ വിസ്മയമയമായി നി‌ലകൊള്ളുകയാണ് നെടുമങ്ങാട്ടെ കോയിക്കൽ കൊട്ടാരമെന്ന ചരിത്ര മാളിക. കൊട്ടാരത്തിന്‍റെ ചരിത്രത്തോട് ചേർത്തു വായിക്കാവുന്നതാണ് നെടുമങ്ങാട് എന്ന ദേശത്തിന്‍റെ ചരിത്രവും. കേരളീയ വാസ്തു വിദ്യയുടെ ഉത്തമ ഉദാഹരണമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ഈ കൊട്ടാരക്കെട്ടുകൾ 1677- 1684 കാലത്തു വേണാട് രാജവംശത്തിലെ രാഞ്ജിയായിരുന്ന ഉമയമ്മ റാണിക്കു വേണ്ടി നിർമ്മിച്ചതാണെന്നാണ്‌ കരുതപ്പെടുന്നത്.

റാണിയുടെ ഭരണകാലത്തു മുകിലൻ എന്നുപേരുള്ള ഒരു പോരാളി തിരുവനന്തപുരത്തെ ആക്രമിക്കാൻ പദ്ധതിയിട്ടുകൊണ്ടു മണക്കാട് വന്നു തമ്പടിച്ചു. മുകിലപ്പടയിൽ നിന്നും രക്ഷപ്രാപിക്കാൻ ഉമയമ്മ റാണി കരിപ്പൂർ പ്രദേശത്ത് ഒളിത്താവളമായി ഒരു കൊട്ടാരം നിർമിച്ച് അവിടെയിരുന്നാണ് ആദ്യകാലത്ത് ഏറെനാൾ ഭരണം നടത്തിയിരുന്നത്. മുകിലപ്പടയുടെ ശല്യം കുറഞ്ഞതോടെ 2 കി മീ പടിഞ്ഞാറ് മാറി മെച്ചപ്പെട്ട നെടുമങ്ങാട് പ്രദേശം തെരഞ്ഞെടുത്തു.

ഇറക്കങ്ങളാലും വയലുകളാലും സമ്പന്നമായ കരിപ്പൂരും ചുറ്റുവട്ടങ്ങളും ഒരു കൃത്രിമ പട്ടണത്തിന് അനുയോജ്യമല്ലാത്തതിനാൽ സാമാന്യം വിസ്തൃതവും വിജനവുമായ നെടുമങ്ങാട് എന്ന കുറ്റിക്കാട് തെരഞ്ഞെടുക്കുകയായിരുന്നു. കൽകുളത്തുനിന്നും കൊണ്ടുവന്ന കൽപ്പണിക്കാരും തദ്ദേശവാസികളും ചേർന്ന് ഈ നെടിയവൻ കാടിനെ നാടായും നഗരമായും മാറ്റിയെടുത്തു.നെടിയവൻകാട് നെടുമങ്ങാടായി മാറി‍യെന്നാണ് ചരിത്രം.

തുണിക്കച്ചവടക്കാരായ തമിഴ് ബ്രാഹ്മണർ, ആഭരണ നിർമ്മാതാക്കൾ, കച്ചവടക്കാർ, ചെട്ടിമാർ, കണക്കപ്പിള്ളമാർ, വണിക്കുകൾ ആയ വെള്ളാളർ, എണ്ണയാട്ടുകാരും വിപണനക്കാരുമായ വാണിയർ എന്നീ വിഭാഗങ്ങൾ കുടിയേറ്റപ്പെട്ടു. ഓരോ വിഭാഗത്തിനും പ്രത്യേകം തെരുവുകളും സൃഷ്ടിച്ചു. നടുവിൽ കൊട്ടാരവും കോട്ടയും നിർമ്മിച്ചു.

1682 ആകുമ്പോഴേക്കും നെടുമങ്ങാട് ഒരു വലിയ പട്ടണമായി രൂപപ്പെട്ട് കഴിഞ്ഞിരുന്നു. ഇവിടെയാണ് കോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. വള്ളത്തിന്‍റെ ആകൃതിയിൽ വളഞ്ഞു, ഇരുനിലയായാണ് കൊട്ടാരത്തിന്‍റെ നിർമ്മിതി. ഇന്ന് കോയിക്കൽ കൊട്ടാരം പുരാവസ്തു വകുപ്പിന്‍റെ കീഴിൽ നാണയ മ്യൂസിയം ആയി പ്രവർത്തിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*