കോട്ടയത്ത് ഓവർടേക്കിങ്ങിനിടെ കാറിന്റെ മിററിൽ തട്ടി; കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് തകർത്ത് സ്ത്രീകള്‍

കോട്ടയം: ഓവർ ടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയെന്ന് ആരോപിച്ച് സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചുതകർത്തു. കോട്ടയം കോടിമത നാലുവരി പാതയിലാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്.

ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിന്റെ മിററിൽ തട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകൾ കാർ നിർത്തി പുറത്തിറങ്ങി ലിവർ എടുത്ത് ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചുതകർത്തത്. അക്രമത്തിന് പിന്നാലെ സ്ത്രീകൾ അതേകാറിൽ തന്നെ സ്ഥലം വിടുകയും ചെയ്തു.

ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറാണിത്. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി ബസ് സ്റ്റേഷനിലേക്ക് മാറ്റി. കാറിന്റെ ആർസി ഓണറെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്നും പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പ് പ്രകാരം കേസെടുക്കുമെന്നും പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*