തലവേദന, മൈഗ്രേൻ എന്നിവയ്‌ക്ക് വീട്ടിൽ തന്നെ പരിഹാരം; ഇതൊന്ന് പരീക്ഷിക്കൂ

അനാരോഗ്യകരമായ ജീവിതശൈലി ആളുകളെ ചെറുപ്രായത്തിൽ തന്നെ പല രോഗങ്ങൾക്കും അടിമയാക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് തലവേദ, മൈഗ്രേൻ തുടങ്ങിയവ. ലോകത്തുടനീളം ദശലക്ഷക്കണക്കിന് മൈഗ്രേൻ ബാധിതരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും സ്ത്രീകളാണ്. എന്നാൽ സാധാരണ ഉണ്ടാകുന്ന തലവേദന പോലും വലിയ ബുദ്ധിമുട്ട് സൃഷ്‌ടിക്കാറുണ്ട്. ഇത്തരം സാഹചര്യത്തിൽ തലവേദനയിൽ നിന്നും ആശ്വാസം കണ്ടെത്താൻ ചില ഹെർബൽ ചായകൾ നിങ്ങളെ സഹായിക്കും. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം.

ഇഞ്ചി ചായ

ഇഞ്ചി ഒരു ആയുർവേദ ഔഷധമാണ്. ഇതിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇഞ്ചിയിലെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ വേദന അകറ്റാൻ സഹായിക്കും. കൂടാതെ പല ആരോഗ്യപ്രശ്‌നങ്ങളെയും ചെറുക്കാൻ ഇഞ്ചിയുടെ ഉപയോഗം ഫലപ്രദമാണ്. തലവേദന, മൈഗ്രേൻ എന്നീ അസുഖങ്ങളെ നേരിടാൻ കട്ടൻ ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് ഉത്തമമാണ്.

ഗ്രീൻ ടീ

മൈഗ്രേൻ അകറ്റാൻ സഹായിക്കുന്ന ഏറ്റവും നല്ല മാർഗമാണ് ഗ്രീൻ ടീ. ഇതിൽ ധാരാളം ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഞരമ്പുകൾക്കും പേശികൾക്കും വിശ്രമം നൽകാൻ സഹായിക്കുന്നു. മാത്രമല്ല സമ്മർദ്ദം കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഗ്രീൻ ടീ ഗുണം ചെയ്യുന്നു. തലവേദന, മൈഗ്രേൻ എന്നിവയാൽ ബുദ്ധിമുട്ടുന്നവർ ദിവസേന രണ്ടോ മൂന്നോ കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്.

ചമോമൈൽ ചായ

പല ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് ചമോമൈൽ. ഔഷധമായും അലങ്കാര സസ്യമായും ഈ ചെടി ഉപയോഗിക്കുന്നു. തലവേദന, മൈഗ്രേൻ എന്നിവ നേരിടുന്നവർ ചമോമൈൽ ചായ കുടിക്കുന്നത് നല്ലതാണ്. ഇത് വേദന കുറയ്ക്കാൻ സഹായിക്കുമെന്ന് മാത്രമല്ല സമ്മർദ്ദം, ഉറക്ക സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയിൽ നിന്നും ആശ്വാസം നൽകുന്നു.

ലാവെൻഡർ ടീ

തലവേദന, മൈഗ്രേൻ തുടങ്ങിയവയിൽ നിന്ന് ആശ്വാസം നൽകാൻ ഫലപ്രദമായ ഒന്നാണ് ലാവെൻഡർ ടീ. സമ്മർദ്ദം, ഉറക്കക്കുറവ് പോലുള്ള പ്രശ്‌നങ്ങൾക്കും ഇത് നല്ലൊരു പരിഹാരമാണ്. അതേസമയം റെഡിമെയ്‌ഡ് ലാവെൻഡർ ചായയ്ക്ക് പകരം വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ചായയാണ് ഉത്തമം. ക്ഷീണം, ശ്വസന തെറാപ്പി, തലവേദന എന്നിവയ്ക്ക് അരോമാതെറാപ്പിസ്റ്റുകൾ ഉപയോഗിക്കുന്ന ഒരു മരുന്ന് കൂടിയാണ് ലാവെൻഡർ.

സാൾട്ട് ചായ

ചായയിൽ അൽപ്പം ഉപ്പ് ചേർത്ത് കുടിക്കുന്നത് തലവേദന, മൈഗ്രേൻ എന്നിവ അകറ്റാൻ സഹായിക്കും. കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ദഹനപ്രക്രിയ മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും ജലാംശം നിലനിർത്താനും ഉപ്പ് ചേർത്ത് കുടിക്കുന്നത് നല്ലതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*