പി.ടി. ഉഷക്ക് കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

ഇന്ത്യൻ കായികരംഗത്തെ അതുല്യ പ്രതിഭ പി.ടി. ഉഷക്ക് കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി. ഉഷക്ക് കായികമേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് നൽകുന്നത്. കേന്ദ്ര സർവകലാശാല നൽകുന്ന ആദ്യ ഓണററി ഡോക്ടറേറ്റാണിത്.

കായിക മേഖലയിലും പുതുതലമുറയിലെ കായിക താരങ്ങളുടെ കഴിവ് വാർത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവർത്തനമാണ് പി.ടി ഉഷയുടേത് എന്നത് കണക്കിലാക്കിയാണ് അംഗീകാരം. 20 വർഷത്തോളമായി ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സ് എന്ന സ്ഥാപനം നടത്തുന്നുണ്ട്. ഇവിടുത്തെ കായിക താരങ്ങൾക്ക് നൽകുന്ന മികച്ച പരിശീലനം കൊണ്ട് അവരിലൂടെ ഇന്ത്യക്ക് ലഭിച്ചത് നിരവധി രാജ്യാന്തര മെഡലുകളാണ്.

രാജ്യത്ത് പുതിയ കായിക സംസ്‌കാരത്തിന് അടിത്തറയിട്ട പ്രതിഭയാണ് പി.ടി.ഉഷ. രാജ്യത്തിന് മാതൃകയായവരെ ആദരിക്കുകയെന്നത് സര്‍വകലാശാലയുടെ കര്‍ത്തവ്യമാണെന്നും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം പകരുന്നതാണ് പി.ടി.ഉഷയുടെ ജീവിതവും നേട്ടങ്ങളുമെന്നും അധികൃതര്‍ അറിയിച്ചു. സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ ഡോക്ടറേറ്റ് സമ്മാനിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*