മുഖക്കുരുവിനെ എങ്ങനെ പെട്ടെന്ന് ഒഴിവാക്കാം?

അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന മുഖക്കുരു മിക്ക ആളുകളെയും അലട്ടുന്ന ഒരു കാര്യമാണ്. ഇത് ഒരു സൗന്ദര്യ പ്രശ്നം മാത്രമല്ല, ചിലരിൽ മുഖക്കുരു മാനസിക സമ്മർദ്ദങ്ങളും സൃഷ്ടിക്കാം. ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മുതൽ മലിനീകരണം വരെ മുഖക്കുരുവിന് കാരണമാകാം.

മുഖക്കുരു വന്നാൽ നിങ്ങൾ എന്താണ് ചെയ്യുന്നത്?

മുഖക്കുരു വന്നാൽ മിക്ക ആളുകളും ചെയ്യുന്ന ഒന്നാണ് വിരലുകൾ ഉപയോ​ഗിച്ച് ഞെക്കി പെട്ടിക്കുക എന്നത്. എന്നാൽ ഇത് മുഖത്ത് ദീർഘനാളത്തേക്ക് പാടുകൾ അവശേഷിപ്പിക്കും. മറ്റൊന്ന് മുഖക്കുരു മാറാൻ പൊടിക്കൈകള്‍ പ്രയോ​ഗിക്കുക എന്നതാണ്. നാരങ്ങ, ടൂത്ത് പേസ്റ്റ്, ബേക്കിങ് സോഡ, വെളുത്തുള്ളി തുടങ്ങിയവ മുഖക്കുരു അകറ്റാൻ ഉപയോ​ഗിക്കുന്നവരുണ്ട്. എന്നാൽ ഇത് മുഖക്കുരു കൂടുതൽ വഷളാക്കുകയും പോസ്റ്റ്-ഇൻഫ്ലമേറ്ററി ഹൈപ്പർപിഗ്മെൻ്റേഷനും പാടുകളിലേക്കും നയിച്ചേക്കാം.

അപ്പോള്‍ പിന്നെ എങ്ങനെ മുഖക്കുരുവിനെ വേ​ഗത്തിൽ ഒഴിവാക്കാം?

പാൽ ഉൽപ്പന്നങ്ങൾ, പഞ്ചസാരയുടെ ഉപഭോ​ഗം തുടങ്ങിയ ഭക്ഷണക്രമം, മുഖത്തെ എണ്ണമയം, ആർത്തവം, ദഹന പ്രശ്നം, താരന്‍, കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത തരത്തിലുള്ള ചര്‍മ സംരക്ഷണം തുടങ്ങിയവയെല്ലാം നിങ്ങളുടെ മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടാന്‍ കാരണമാണ്. ഇതിൽ ഏതാണ് നിങ്ങള്‍ക്ക് മുഖക്കുരു വരാന്‍ കാരണമാകുന്നതെന്ന് തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയാണ് മുഖക്കുരു ഒഴിവാക്കാനുള്ള പ്രധാന മാർ​ഗം.

മാത്രമല്ല, മുഖത്തുണ്ടാകുന്ന ബ്ലാക്ക് ഹെഡ്‌സിനെയും വൈറ്റ് ഹെഡ്സിനെയും ചില്ലറക്കാരായി കാണരുത്. ഇവ ഏത് സമയവും മുഖക്കുരു ആയി മാറാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പതിവായി സ്ക്രബ് ചെയ്തു നീക്കാൻ ശ്രദ്ധിക്കുക.

മുഖക്കുരുവിനെ പെട്ടെന്ന് നീക്കം ചെയ്യാനുള്ള ചില മാര്‍ഗങ്ങള്‍

സ്പോർട്ട് കറക്ടേഴ്സ്

സാലിസിലിക് ആസിഡ്, സിങ്ക്, സൾഫർ കോമ്പിനേഷൻ അടങ്ങിയ സ്പോർട്ട് കറക്ടേഴ്സ് ഉപയോ​ഗിക്കുന്നത് മുഖക്കുരു ഒഴിവാക്കാൻ സഹായിക്കും. മുഖം കഴുകിയ ശേഷം കുരുവുള്ള ഭാ​ഗത്ത് മാത്രം സ്പോർട്ട് കറക്റ്റർ ഉപയോ​ഗിക്കാം. രാത്രി പുരട്ടിയ ശേഷം രാവിലെ കഴുകി കളയുന്നതാണ് ഉത്തമം.

മിഡ്-പോട്ടൻസി സ്റ്റിറോയിഡ്- ആൻ്റിസെപ്റ്റിക് ക്രീം

അടിയന്തര സാഹചര്യത്തിൽ ആൻ്റിസെപ്റ്റിക് ക്രീം മിഡ്-പോട്ടൻസി സ്റ്റിറോയിഡുമായി കലർത്തി മുഖക്കുരുവിൽ പുരട്ടാവുന്നതാണ്. ആൻ്റിസെപ്റ്റിക് ക്രീം കുരുവിനുള്ളിലെ പഴുപ്പ് നീക്കാൻ സഹായിക്കും. മിഡ്-പോട്ടൻസി സ്റ്റിറോയിഡ് വീക്കം തടയാൻ സഹായിക്കും.

ഇത് ഒരു സ്റ്റിറോയിഡ് ആയതുകൊണ്ട് തന്നെ രണ്ട്-മൂന്ന് ദിവസത്തിൽ കൂടുതൽ ഈ മിശ്രിതം ഉപയോ​ഗിക്കാൻ പാടില്ലെന്നും വളരെ മിതമായി ഉപയോ​ഗിക്കണമെന്നും ആരോ​ഗ്യ വി​ദ​ഗ്ധർ നിര്‍ദേശിക്കുന്നു.

സാലിസിക് ആസിഡ്

മിക്ക മുഖക്കുരു വിരുദ്ധ ഉൽപ്പന്നങ്ങളിലെയും പ്രധാന ഘടകമാണ് സാലിസിക് ആസിഡ്, സാലിസിക് ആസിഡ് അടങ്ങിയ സെറം പതിവായി ഉപയോ​ഗിക്കുന്നത് മുഖക്കുരു ​ഗണ്യമായി കുറയാൻ സഹായിക്കുന്നു. ഇത് മുഖത്തെ വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ് ഒഴിവാക്കാൻ സഹായിക്കും.

ഇൻട്രാലെഷണൽ കുത്തിവയ്പ്പുകൾ

മുഖക്കുരുവിനുള്ള ഉടനടി പരിഹാരമാണ് ഇൻട്രാലെഷണൽ മൈൽഡ്-സ്റ്റിറോയിഡ് കുത്തിവയ്പ്പ്. ഇത് ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിച്ച ശേഷം മാത്രം ഉപയോ​ഗിക്കേണ്ടതാണ്. ഇൻട്രാലെഷണൽ മൈൽഡ്-സ്റ്റിറോയിഡ് വീക്കം ഇല്ലാതാക്കുകയും മുഖക്കുരു കുറയ്ക്കുകയും ചെയ്യുന്നു.

ബെൻസോയിൽ പെറോക്സൈഡ്

മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെയും ചർമത്തിലെ ചത്ത കോശങ്ങളെയും നീക്കി വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഫലപ്രദമായ ഒരു ഘടകമാണ് ബെൻസോയിൽ പെറോക്സൈഡ്. ഇത് കോശജ്വലന മുഖക്കുരു ഒഴിവാക്കാൻ മികച്ച മാർ​ഗമാണ്. ഇത് ചർമവരൾച ഉണ്ടാക്കുമെന്നതിനാൽ മുഖത്ത് മോയ്സ്ച്ചറൈസർ ഉപയോ​ഗിച്ച ശേഷം മുഖക്കുരുവിൽ മാത്രം പുരട്ടുക. ഇതിന്റെ അമിത ഉപയോ​ഗം വരൾച്ച, ചുവപ്പ്, പുറംതൊലി ഇളകൽ എന്നിവയ്ക്ക് കാരണമായേക്കാം.

നിയാസിനാമൈഡും റെറ്റിനോയിഡും അടങ്ങിയ ജെൽ

നിയാസിനാമൈഡും റെറ്റിനോയിഡും അടങ്ങിയ ആൻ്റിബയോട്ടിക് ജെൽ മുഖക്കുരു കുറയ്ക്കാൻ സഹായിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*