കോട്ടയം ജില്ല ചുട്ടുപൊള്ളുന്നു: പാടത്തും പറമ്പിലും തീപിടിക്കുന്നതിന്റെ എണ്ണവും കൂടുന്നു; സൂക്ഷിക്കാം

കോട്ടയം: കോട്ടയം ജില്ല ചുട്ടുപൊള്ളുമ്പോൾ പാടത്തും പറമ്പിലും തീപിടിക്കുന്നതിന്റെ എണ്ണവും കൂടുന്നു. ഫയർഫോഴ്‌സ്‌ ഓഫീസിലേക്ക്‌ തീപിടിത്തം അറിയിച്ച്‌ ദിനംപ്രതി നിരവധി ഫോൺ കോളുകളാണെത്തുന്നത്‌. ചൂടുകൊണ്ട്‌ സ്വയം തീപിടിക്കാം, എന്നാൽ അശ്രദ്ധമായും സുരക്ഷിതമല്ലാതെയും ചപ്പുചവറുകൾക്ക്‌ ഇടുന്ന തീ ജീവൻ വരെ നഷ്ടപ്പെടുത്താം. തീ ഇടുമ്പോൾ സുരക്ഷാസംവിധാനങ്ങൾ അടുപ്പിച്ച്‌ വേണം ചെയ്യേണ്ടതെന്ന്‌ അഗ്‌നിശമന വിഭാഗം പറയുന്നു.

വേഗം തീ കത്താൻ പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയ വസ്‌തുക്കൾ ഉപയോഗിക്കാറുണ്ട്‌. എന്നാൽ തീ നിയന്ത്രണവിധേയാക്കാൻ സാധിക്കാത്ത തരത്തിൽ ആളിക്കത്താനേ ഇത്‌ ഉപകരിക്കൂ. പ്രത്യേകിച്ച്‌ പറമ്പിൽ തീയിടുമ്പോൾ ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുന്നത്‌ അപകടസാധ്യത കൂട്ടുന്നു. റബർതോട്ടങ്ങൾ, പാടശേഖരങ്ങൾ, തെങ്ങ്‌, മറ്റ്‌ ഉണക്കമരങ്ങൾ എന്നിവയാണ്‌ വേഗം തീപിടിക്കുന്നത്‌. ചവറുകൾ കത്തുന്നതിനൊപ്പം ചൂടുകാറ്റും കൂടി വീശുന്നതോടെ തീ ആളിപ്പടരും. ഇത്തരം അപകടങ്ങൾ തരണംചെയ്യുന്നതിന്‌ ജില്ലാ ഫയർ ടീം സജ്ജമാണ്‌. 24 മണിക്കൂറും സേനയുടെ സേവനം ലഭ്യമാണ്‌. കോട്ടയം യൂണിറ്റിൽ മാത്രം സ്‌കൂബ, ആംബുലൻസ്‌ സംവിധാനം അടക്കം ആറോളം വാഹനങ്ങൾ സജ്ജമാണ്‌. എന്നാൽ തീപിടിത്തം ഉണ്ടാകുന്ന പല സ്ഥലങ്ങളിലും സേനയ്‌ക്ക്‌ എത്തിപ്പെടാൻ പറ്റാത്തത്‌ വെല്ലുവിളി സൃഷ്‌ടിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*