റീ റിലീസിലും ഹൗസ്ഫുൾ; തമിഴ്‌നാട്ടിൽ ‘പ്രേമം’ ഏറ്റെടുത്ത് ആരാധകർ

റിലീസ് ചെയ്തിട്ട് പത്ത് വർഷം കൂടി തികയാത്ത ഒരു മലയാള സിനിമ, വർഷങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിൽ റീ റിലീസ് ചെയ്യുന്നു. ഒരു പുതിയ ചിത്രത്തിനെന്ന പോലെ ആളുകൾ ഇടിച്ചു കയറുന്നു. കേൾക്കുമ്പോൾ അതിശയോക്തിയായി തോന്നുമെങ്കിലും സത്യമതാണ്.

2015-ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമമാണ് 9 വർഷങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിൽ ഫെബ്രുവരി ഒന്നിന് റീ റിലീസ് ചെയ്തത്. ഇത് മൂന്നാം തവണയാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. കളക്ഷൻ റെക്കോഡുകൾ ഭേദിച്ച ചിത്രം കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ഗംഭീരവിജയമായിരുന്നു. ചെന്നൈയിൽ 200 ദിവസത്തോളമായിരുന്നു ചിത്രം പ്രദർശിപ്പിച്ചത്.

വാലന്റൈൻസ് ഡേയ്ക്ക് മുന്നോടിയായിട്ടാണ് ചിത്രം ഇപ്പോൾ റീ റിലീസ് ചെയ്തത്. സംവിധായകൻ അൽഫോൺസ് പുത്രൻ തന്നെയായിരുന്നു ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിർവഹിച്ചത്. ജോർജ് എന്ന യുവാവിന്റെ മൂന്ന് കാലഘട്ടങ്ങളിലെ പ്രണയമായിരുന്നു ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റായിരുന്നു. നായികമാരായി എത്തിയ അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവരുടെ കരിയർ ബ്രേക്ക് ചിത്രം കൂടിയായിരുന്നു പ്രേമം.

വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, സിജു വിൽസൺ, കൃഷ്ണശങ്കർ, ശബരീഷ് വർമ, അൽത്താഫ് സലിം, അനന്ത് നാഗ്, രഞ്ജി പണിക്കർ തുടങ്ങി നിരവധി പേർ ചിത്രത്തിൽ അഭിനയിച്ചിരുന്നു. അൻവർ റഷീദായിരുന്നു ചിത്രത്തിന്റെ നിർമാണം. ആനന്ദ് സി ചന്ദ്രനായിരുന്നു ഛായാഗ്രഹണം. സംഗീതം രാജേഷ് മുരുകേശൻ. ചിത്രം തെന്നിന്ത്യയിൽ വൻ ഹിറ്റായതോടെ നാഗചൈതന്യ, ശ്രുതിഹാസൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*