തിരുവനന്തപുരം: സർക്കാർ ജീവനക്കാർ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ടുവന്നു തള്ളുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് സർക്കുലർ പുറപ്പെടുവിച്ച് ഹൗസ് കീപ്പിങ് വിഭാഗം. മാലിന്യം നിക്ഷേപിക്കുന്നതിനായി ഓരോ ഡിപ്പാർട്ട്മെന്‍റിലും സ്ഥാപിച്ചിരിക്കുന്ന ബക്കറ്റുകളിൽ ജീവനക്കാർ പലരും വീടുകളിൽ നിന്നുള്ള മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയതോടെയാണ് ഹൗസ് കീപ്പിങ് വിഭാഗം സർക്കുലർ ഇറക്കിയിരിക്കുന്നത്.
വേസ്റ്റ് ബിന്നുകൾ സിസിടിവി പരിധിയിലാക്കുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നുമാണ് സർക്കുലറിലുള്ളത്. ജീവനക്കാർ ആഹാരവും വെള്ളവും കൊണ്ടു വരുന്നതിനായി പൊതികളും പ്ലാസ്റ്റിക് കുപ്പികളും ഒഴിവാക്കി കഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങൾക്ക് മുൻഗണന നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. അതു പോലെ തന്നെ കുപ്പികളിൽ അലങ്കാരച്ചെടികൾ വളർത്തുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്.
സെക്രട്ടേറിയറ്റിലെ പല വിഭാഗങ്ങളിലായി ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. വീട്ടിലെ മാലിന്യം ഓഫിസിൽ നിക്ഷേപിക്കരുതെന്ന് പല തവണ നിർദേശം നൽകിയിട്ടും ജീവനക്കാർ പ്രവണത തുടരുകയാണെന്നാണ് ഹൗസ് കീപ്പിങ് വിഭാഗത്തിന്‍റെ ആരോപണം. ഭക്ഷണാവശിഷ്ടവും സാനിറ്ററി പാഡുകളും ഇത്തരത്തിൽ നിക്ഷേപിക്കപ്പെടുന്നുണ്ടെന്നും ആരോപണമുണ്ട്.
Be the first to comment