48 ഹോട്ട്‌സ്‌പോട്ടുകള്‍, അരമണിക്കൂര്‍ വീതം ഇന്‍റര്‍നെറ്റ്; ശബരിമലയില്‍ ബിഎസ്എന്‍എല്ലിന്‍റെ സൗജന്യ വൈഫൈ

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാല മകരവിളക്ക് മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്കായി ബിഎസ്എൻഎല്ലിന്‍റെ സൗജന്യ വൈഫൈ. ശബരിമലയിൽ എത്തുന്നവർക്ക് ഒരു സിമ്മില്‍ അര മണിക്കൂര്‍ വീതം സൗജന്യമായി വൈഫൈ സേവനം ലഭ്യമാക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ച് ഇതിനായി നിലയ്ക്ക‌ല്‍ മുതല്‍ സന്നിധാനം വരെ 48 ഇടങ്ങളില്‍ വൈഫൈ ഹോട്ട് സ്പോട്ടുകള്‍ സ്ഥാപിച്ചതായി ബിഎസ്എന്‍എല്‍ ശബരിമല ഓഫീസ് ഇന്‍ ചാര്‍ജ് എസ്. സുരേഷ് കുമാര്‍ പറഞ്ഞു.

ഇതിന് പുറമേ, ശബരിമല പാതയില്‍ 4ജി ടവറുകളും ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്. 300 എംബിപിഎസ് വരെ വേഗം ലഭിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിടിയാണ് ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും വിന്യസിച്ചിരിക്കുന്നത്.

എങ്ങനെ ഫോണില്‍ ബിഎസ്എന്‍എല്‍ വൈഫൈ കണക്‌ട് ചെയ്യാം?

ഫോണിലെ വൈഫൈ ഓപ്ഷന്‍ ആദ്യം ഓണ്‍ ചെയ്യണം. തുടർന്ന് സ്‌ക്രീനില്‍ കാണിക്കുന്ന ബിഎസ്എന്‍എല്‍ വൈഫൈ (BSNL WiFi) അല്ലെങ്കില്‍ ബിഎസ്എന്‍എല്‍ പിഎം വാണി (bsnlmpvani) എന്ന നെറ്റ്‌വര്‍ക്ക് ഓപ്ഷന്‍ സെലക്‌ട് ചെയ്യാം.

കണക്‌ട് ചെയ്യുമ്പോള്‍ പുതിയ വെബ്‌പേജ് തുറന്നു വരും. ഇതിൽ പത്ത് അക്ക മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്‌ത് ഗെറ്റ് പിൻ സെലക്‌ട് ചെയ്യണം. ഉടനെ ഫോണിൽ 6 അക്ക പിൻ എസ് എം എസ് ആയി ലഭിക്കും. ഇത് രേഖപ്പെടുത്തിയ ശേഷം മൊബൈലിൽ സൗജന്യ വൈഫൈ ലഭിച്ചു തുടങ്ങും.

 

Be the first to comment

Leave a Reply

Your email address will not be published.


*