
ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് ധന മാനേജ്മെന്റിന്റെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. ഏപ്രിൽ 12ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വി. കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം എസ് സ്വാഗതവും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ഡയറക്ടർ പ്രൊഫ. കെ. ജെ. ജോസഫ്, നഗരസഭാ കൗൺസിലർ ഡോ. കെ. എസ്. ബീന എന്നിവർ ആശംസകളും അർപ്പിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടർ മനോജ് കുമാർ ചടങ്ങിന് നന്ദി അറിയിക്കും.
തുടർന്ന് വ്യക്തിയുടെയും കുടുംബത്തിന്റെയും ഭദ്രതക്കുതകുന്ന സാമ്പത്തിക മാനേജ്മെന്റ്, സ്ഥിര നിക്ഷേപങ്ങൾ, ലൈഫ് ഇൻഷുറൻസ്, ചിട്ടിയും കുറിയും, ഇക്വിറ്റി, ഡിബഞ്ചർ, മ്യൂച്വൽ ഫണ്ട്, മാനസിക സംഘർഷങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ സെഷനുകൾ നടക്കും. പാനൽ ചർച്ചയും ചോദ്യോത്തരവേളയും പരിശീലനപരിപാടിയുടെ ഭാഗമായുണ്ടാകും.
ആദ്യ ഘട്ട പരിശീലന ക്ലാസിൽ ഓണം ബമ്പർ വിജയി ഉൾപ്പടെ എൺപതിൽ അധികം പേരാണ് പങ്കെടുക്കുന്നത്. തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനാണ് പരിശീലന ചുമതല.
Be the first to comment