ഹൃദയാഘാത ലക്ഷണമായി വരുന്ന നെഞ്ചുവേദന എങ്ങനെ തിരിച്ചറിയാം?

ലോകത്തില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും ഹൃദയാഘാതം കാരണം മരണപ്പെടുന്നത്. അതിനാല്‍ ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കാണപ്പെടുമ്പോള്‍തന്നെ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്. ഹൃദയധമനികളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നത് മൂലമുണ്ടാകുന്ന ഓക്‌സിജന്റെ അഭാവമാണ് ഹൃദയാഘാതത്തിനു കാരണമാകുന്നത്.

മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന അസഹനീയമായ നെഞ്ചുവേദന ഇതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ നെഞ്ചിനുണ്ടാകുന്ന എല്ലാ വേദനകളും ഹൃദ്രോഗത്തിന്റെയോ ഹൃദയാഘാതത്തിന്റെയോ ലക്ഷണങ്ങളായി കണക്കാക്കാന്‍ സാധിക്കില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വ്യായാമം ചെയ്യുന്നതിനിടയ്ക്കോ മറ്റു ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് മൂലമോ പേശികള്‍ വലിയുന്നത് നെഞ്ചുവേദനയ്ക്ക് കാരണമായേക്കാം. കൂടാതെ ദഹനക്കേട്, നെഞ്ചെരിച്ചില്‍, അണുബാധ, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ മുതലായവ കാരണവും നെഞ്ചുവേദന ഉണ്ടാകാം.

പേശികള്‍ വലിയുന്നത് മൂലമുള്ള നെഞ്ചുവേദന വളരെ സാധാരണമാണ്. നെഞ്ചില്‍ കയ്യമര്‍ത്തി നോക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നുണ്ട് എങ്കില്‍ അത് പേശികള്‍ക്ക് സംഭവിച്ച പരിക്കുകള്‍ കരണമാകാനാണ് കൂടുതല്‍ സാധ്യത. ആസ്ത്മ രോഗത്തിന്റെ പ്രധാനരോഗലക്ഷണങ്ങളില്‍ ഒന്നാണ് നെഞ്ചുവേദന. ശ്വാസകോശത്തില്‍ കഫം നിറയുന്നത് കാരണം ശ്വാസതടസ്സം ഉണ്ടാകുന്നതിനാലാണ് ആസ്ത്മാരോഗികള്‍ക്ക് വേദനയും വലിവും അനുഭവപ്പെടുന്നത്.

ദഹനക്കേട് കരണമുണ്ടാകുന്ന നെഞ്ചെരിച്ചില്‍ നെഞ്ചുവേദനയുടെ മറ്റൊരു കാരണമാണ്. ദഹനം ശരിയായ രീതിയില്‍ നടക്കാതെ വരുമ്പോഴാണ് ആസിഡ് റിഫ്‌ലെക്‌സുകള്‍ കാരണം നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്. ശരീരത്തില്‍ നിര്‍ജീവമായി തുടരുന്ന ചിക്കന്‍ പോക്‌സ് വൈറസുകള്‍ കാരണമുണ്ടാകുന്ന ഒരു രോഗമാണ് ഷിംഗിള്‍സ്. വാരിസില്ല-സോസ്റ്റര്‍ വൈറസുകളാണ് ഇതിന്റെ രോഗകാരി. കൂടുതലായും 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്.

കഠിനമായ വേദനയും ചൊറിച്ചിലും രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. നെഞ്ചിലാണ് ഷിംഗിള്‍സ് രോഗബാധ ഉണ്ടാകുന്നതെങ്കില്‍ നെഞ്ചുവേദന അനുഭവപ്പെടാം. ഇതുകൂടാതെ അമിത ആശങ്കയും ഉത്കണ്ഠയും കാരണമുണ്ടാകുന്ന പരിഭ്രാന്തിയും നെഞ്ചുവേദന ഉണ്ടാക്കിയേക്കാം.

വിദഗ്ധാഭിപ്രായത്തില്‍ ഹൃദയാഘാതത്തിനു മുന്നോടിയായി ഉണ്ടാകുന്ന നെഞ്ചുവേദന മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്നതും വിട്ടു മാറാത്തതുമാണ്. ഇതോടൊപ്പം ശ്വാസതടസ്സം, തലകറക്കം, അമിതവിയര്‍പ്പ്, വര്‍ധിച്ച ഹൃദയമിടിപ്പ്, ബോധമില്ലായ്മ എന്നിവ അനുഭവപ്പെട്ടേക്കാം. നിരന്തരമായ പുകവലി, അമിത രക്തസമ്മര്‍ദം, പ്രമേഹം എന്നിവയുള്ളവര്‍ക്ക് അനുഭവപ്പെടുന്ന നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ലക്ഷണമാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*