തുടക്കത്തിൽ സാധാരണ ജലദോഷം പോലെ, കോവിഡും ഇൻഫ്ലുവൻസയും ആർഎസ്‌‌വിയും എങ്ങനെ തിരിച്ചറിയാം

പല വൈറല്‍ രോഗങ്ങളും ഓരേ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ ചെറിയൊരു ജലദോഷം വന്നാൽ പോലും സംശയമാണ്. തൊണ്ട വേദനയിൽ തുടങ്ങി മൂക്കാെലിപ്പ്, തലവേദന, ക്ഷീണം, ചുമ, പനി അങ്ങനെ പല രൂപത്തിലേക്ക് മാറാം. മിക്ക ശ്വാസകോശ രോ​ഗങ്ങളുടെയും തുടക്കം ഇത്തരത്തിലായതിനാൽ പലപ്പോഴും യഥാർഥ രോ​ഗം തിരിച്ചറിയാതെ പോകാറുണ്ട്. എന്നാൽ കൃത്യമായ രോ​ഗനിർണയം നടത്താതെ പോകുന്നത് ചില ശ്വാസകോശ രോ​ഗങ്ങൾ ​ഗുരുതരമാകാൻ കാരണമാകുന്നു. തണുപ്പും മഴയുമായാൽ ഉണ്ടാകുന്നതെല്ലാം സാധാരണ ജലദോഷമാണെന്ന് കരുതിയിരിക്കരുത്.

റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർഎസ്‌വി)

‍ജലദോഷത്തിന് സമാനമാണ് ആർഎസ്‌വി ബാധയുടെ പ്രധാന ലക്ഷണം. വളരെ കുറച്ചു ദിവസങ്ങൾ മാത്രം നീണ്ടു നിൽക്കുന്നതിനാൽ ഇതും സാധാരണ ജലദോഷമായി പലരുടെ തെറ്റുദ്ധരിക്കാറുണ്ട്. എന്നാൽ കുട്ടികളിലും പ്രായമായവരിലും രോ​ഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇത് ബ്രോങ്കൈലിറ്റിസ് അല്ലെങ്കിൽ ന്യുമോണിയയിലേക്ക് നയിച്ചേക്കാം. മരണത്തിന് വരെ ഇതു കാരണമായേക്കാം. ആർഎസ്‌വി ഒരു സീസണൽ അസുഖമല്ലെങ്കിലും വളരെ പെട്ടെന്ന് പകരുന്ന അസുഖമാണ്.

കോവിഡ്, ഇൻഫ്ലുവൻസ തുടങ്ങിയവയുടെ രോ​ഗനിർണയം നടത്താൻ ഉപയോ​ഗിക്കുന്ന റാപ്പിഡ്-ആൻ്റിജൻ ടെസ്റ്റ് തന്നെയാണ് ആർഎസ്‌വി നിർണയത്തിനും ഉപയോ​ഗിക്കുന്നത്. എന്നാൽ ഇതിന് പ്രത്യേകിച്ച് ചികിത്സയൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഇൻഫ്ലുവൻസ

തുടക്കത്തിൽ സമാന ലക്ഷണങ്ങളാണ് ഇൻഫ്ലുവൻസയും കാണിക്കുന്നത്. തൊണ്ടവേദന, തലവേദന എന്നിവയിൽ നിന്ന് ആരംഭിച്ച് പെട്ടെന്ന് പനി, ശരീരവേദന, അമിത ക്ഷീണം എന്നിവയായി മാറുന്നു. ആ​ഗോളതലത്തിൽ ഒരു പ്രധാന പൊതുജനാരോ​ഗ്യ പ്രശ്നമായാണ് ഇൻഫ്ലുവൻസയെ കാണക്കാക്കുന്നത്.

പ്രതിവർഷം 35 ദശലക്ഷം ആളുകളിൽ രോ​ഗം ​ഗുരുതരമാകാറുണ്ടെന്നും രണ്ട് ലക്ഷം മുതൽ ആറ് ലക്ഷത്തോളം ആളുകൾ പ്രതിവർഷം ഇൻഫ്ലവൻസ് ബാധിച്ച് മരിക്കാറുണ്ടെന്നാണ് കണക്ക്. ഇൻഫ്ലുവൻസ് സീസണൽ ആയതുകൊണ്ട് തന്നെ തണുപ്പുകാലത്തും മഴക്കാലത്തുമാണ് രോ​ഗം കൂടുതലായി പകരുന്നത്. ഇൻഫ്ലവൻസയ്ക്ക് വാക്സിനുകൾ ലഭ്യമാണ്.

കോവിഡ്

ആ​ഗോളതലത്തിൽ ഭീതിയായി മാറിയ കോവിഡ് മഹാമാരി നിരവധി ജീവനുകളാണ് ഇതുവരെ എടുത്തത്. മാരകമായ ഈ വൈറസ് ബാധയുടെ ആദ്യ ലക്ഷണങ്ങളും സമാനമാണ്. തൊണ്ട വേദനയിൽ തുടങ്ങിയ പനിയും ശ്വാസതടസവുമായി മൂർച്ഛിക്കുന്നു. കോവിഡ് നിലവിൽ ഒരു പൊതുജനാരോ​ഗ്യ അടിയന്തരാവസ്ഥ അല്ലെങ്കിലും ഇൻഫ്ലുവൻസ ബാധിച്ചും ആർഎസ്‌വി ബാധിച്ചും മരിക്കുന്നവരുടെ എണ്ണത്തെക്കാൾ കൂടുതലാണ് കോവിഡ് ബാധയെ തുടർന്നുള്ള മരണം.

ആസ്തമ, പ്രമേഹം, കാൻസർ, വൃക്കരോഗം, അമിതവണ്ണം അല്ലെങ്കിൽ ഹൃദ്രോഗം തുടങ്ങിയ രോ​ഗികളിൽ കോവിഡ് സാധ്യത കൂടുതലാണ്. രോ​ഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മുതിർന്നവരിലും കോവിഡ് ബാധ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്. രോഗലക്ഷണങ്ങൾ 12 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്നതാണ് ലോങ് കോവിഡ് എന്ന് വിളിക്കുന്നത്. കോവിഡിനെതിരെ വാക്സിൻ ലഭ്യമാണ്. റാപ്പിഡ് ആന്റിജൻ ടെസ്റ്റിലൂടെ കോവിഡ് സ്ഥിരീകരണം നടത്താം.

രോ​ഗലക്ഷണങ്ങൾ തുടരുകയും പരിശോധനയൊക്കെ നെ​ഗറ്റീവും ആണെങ്കിലോ?

ഇരുനൂറിലധം വ്യത്യസ്ത വൈറസുകൾ ജലദോഷത്തിന്റെയും പനിയുടെയും ലക്ഷണങ്ങൾക്ക് കാരണമാകാറുണ്ട്. റിനോവൈറസ്, അഡെനോവൈറസ് തുടങ്ങിയവ സാധാരണയായി കാണപ്പെടുന്ന വൈറസുകളാണ്. ചുമ മാറിയെങ്കിലും കഫം വരുന്നത് തുടർന്നാൽ പെർട്ടുസിസ് (വൂപ്പിംഗ് ചുമ), സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ, ഹീമോഫിലസ് ഇൻഫ്ലുവൻസ അല്ലെങ്കിൽ മൊറാക്സെല്ല കാറ്ററാലിസ് പോലുള്ള ബാക്ടീരിയ അണുബാധയായിരിക്കാം.

എക്സ്‌റെ, കഫം പരിശോധനയിലൂടെ ന്യൂമോണിയ കണ്ടെത്താം. വൈറൽ അണുബാധയോടെ തുടങ്ങിയെങ്കിലും പിന്നീട് അത് ബാക്ടീരിയ അണുബാധയായി പരിണമിക്കാം. ബാക്ടീരിയ അണുബാധയ്ക്ക് ആന്റി-ബയോട്ടിക്കുകൾ കഴിക്കുന്നത് സഹായകമാകാം. ഇതിന് പരിശോധ നിർബന്ധമാണ്. എന്നാൽ വൈറൽ രോഗത്തിന് ആൻറിബയോട്ടിക്കുകൾ കഴിക്കുന്നത് ഉപയോഗശൂന്യമാകുമെന്ന് മാത്രമല്ല, അത് ദോഷകരമായ ആൻറിബയോട്ടിക് പ്രതിരോധത്തിന് കാരണമാകുകയും അനാവശ്യ പാർശ്വഫലങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*