ഏറ്റവും പുതിയ നിര്‍മ്മിതബുദ്ധി ചാറ്റ്‌ബോട്ടായ മെറ്റ എ ഐ അസിസ്റ്റന്റ് ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് മെറ്റ. വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്, മെസഞ്ചര്‍ തുടങ്ങി നിരവധി ആപ്പ്‌ളിക്കേഷനുകളില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് മെറ്റ ഇതിനെ രൂപപ്പെടുത്തിയിരിക്കുന്നത്. രണ്ടു മാസം മുന്‍പാണ് മെറ്റ എഐ പുറത്തിറങ്ങിയത്. ആദ്യ ഘട്ടത്തില്‍ ന്യൂസിലാന്റ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഇതിന്റെ സേവനം ഇപ്പോള്‍ ഇന്ത്യയിലും ലഭ്യമാണ്.
ഇതുവരെ മെറ്റ പുറത്തിറക്കിയതില്‍ വെച്ച് ഏറ്റവും വിപുലമായ മോഡലായ മെറ്റ ലാമ 3യിലാണ് മെറ്റ എഐ നിര്‍മിച്ചിരിക്കുന്നത്. അതിസൂക്ഷ്മവും സങ്കീര്‍ണവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും ആശയങ്ങള്‍ ദൃശ്യവത്കരിക്കുന്നതിനും സജ്ജമായ രീതിയിലാണ് ഇതിനെ രൂപപ്പെടുത്തിയിരിക്കുന്നത്. വാട്‌സാപ്പ്, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ മെറ്റ എഐ ഉപയോഗിക്കാം. അതിനു മുന്‍പ് ആപ്പുകളില്‍ മെറ്റ എഐയുടെ സേവനം ലഭ്യമാണോയെന്നു ഉറപ്പ് വരുത്തണം.
ആപ്ലിക്കേഷനുകളുടെ അപ്‌ഡേറ്റഡ് ആയ വേര്‍ഷനുകളില്‍ എല്ലാം നിലവില്‍ മെറ്റ എഐ ലഭ്യമാണ്. വാട്ട്‌സാപ്പില്‍ മെറ്റ എഐ ഉപയോഗിക്കുന്നതിനായി ആപ്പ്‌ളിക്കേഷന്‍ തുറന്നതിന് ശേഷം ചാറ്റ്‌സ് ടാബില്‍ ‘മെറ്റ എഐ’ എന്ന് സെര്‍ച്ച് ചെയ്യുക. നിബന്ധനകളും സേവനങ്ങളും അംഗീകരിച്ചതിനു ശേഷം പ്രത്യക്ഷപ്പെടുന്ന ചോദ്യങ്ങളില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുകയോ സ്വന്തമായി എന്തെങ്കിലും ടൈപ്പ് ചെയ്തുണ്ടാക്കുകയോ ചെയ്യാം. അതിനു ശേഷം സെന്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ മെറ്റ എഐ പ്രതികരിക്കുന്നതാണ്. നിങ്ങളുടെ ഇന്‍സ്റ്റാഗ്രാമില്‍ മെറ്റ എഐ ലഭ്യമാണെങ്കില്‍ നിലവിലുള്ള ഏതെങ്കിലും ഒരു ചാറ്റ് തുറന്നതിന് ശേഷം, താഴെ കാണുന്ന മെസേജ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ‘@’ എന്ന് ടൈപ്പ് ചെയ്തതിനു ശേഷം മെറ്റ എ ഐ തിരഞ്ഞെടുക്കുക.
എന്തെങ്കിലും ചോദ്യങ്ങളോ നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ മെറ്റ എഐക്ക് നല്‍കാവുന്നതാണ്. മെസേസ്സജുകളുടെ മാതൃകയില്‍ ചോദ്യങ്ങളും ഉത്തരങ്ങളും ചാറ്റ് ബോക്‌സില്‍ പ്രത്യക്ഷപ്പെടുന്നതായിരിക്കും. ഇതേ മാതൃകയില്‍ തന്നെ ഫേസ്ബുക്കിലും നിലവിലുള്ള ഏതെങ്കിലും ഒരു ചാറ്റ് തുറന്നതിന് ശേഷം മെറ്റ എഐ ഉപയോഗിക്കാവുന്നതാണ്. ചാറ്റ് ബാറില്‍ ‘@’ എന്ന് ടൈപ്പ് ചെയ്തതിനുശേഷം മെറ്റ എഐ തിരഞ്ഞെടുത്താല്‍ മതിയാകും. ചാറ്റ് ചെയുന്ന രീതിയില്‍ തന്നെ ചോദ്യങ്ങള്‍ ചോദിക്കാവുന്നതും ഉത്തരങ്ങള്‍ സ്വീകരിക്കാവുന്നതുമാണ്.
ആപ്‌ളിക്കേഷനുകളില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ ഉപയോഗസമയത്തും, ചാറ്റ് ചെയ്യുന്നതിനിടയിലും ഉപഭോക്താക്കള്‍ക്ക് മെറ്റ എ ഐയുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനും, വ്യത്യസ്ത ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നതിനും, പല വിഷയങ്ങളെ കുറിച്ച് ആഴത്തില്‍ മനസിലാക്കുന്നതിനും ഇത് സഹായിക്കുന്നു. ‘meta.ai’ എന്ന് സെര്‍ച്ച് ചെയ്താല്‍ കംപ്യൂട്ടറുകളില്‍ മെറ്റ എഐയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. കൃത്യതയോടെ ഇ-മെയിലുകള്‍ നിര്‍മ്മിക്കുന്നത് മുതല്‍ പാചകക്കുറിപ്പുകള്‍ തയാറാക്കാന്‍ വരെ ഈ നിര്‍മിതബുദ്ധി ചാറ്റ്‌ബോട്ടിനു കഴിയും. കൂടാതെ സങ്കീര്‍ണമായ ഗണിതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, നീണ്ട ഖണ്ഡികകളുടെ സംഗ്രഹം തയാറാക്കുന്നതിനും ഇതിനെ ഉപയോഗിക്കാവുന്നതാണ്.
Be the first to comment