കളമശേരി കോളജില്‍ കഞ്ചാവ് എത്തിയത് ഒഡിഷയില്‍ നിന്ന്; പിന്നിലുള്ളത് വന്‍ ഇതരസംസ്ഥാന ഡ്രഗ് മാഫിയ

കളമശേരി പോളി ടെക്‌നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചത് എറണാകുളത്തെ വന്‍ ലഹരിസംഘമെന്ന് പൊലീസിന്റെ കണ്ടെത്തല്‍. പിടിയിലായ അഹിന്ത മണ്ടല്‍, സൊഹൈല്‍ എന്നിവര്‍ ഇതരസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനികളെന്നാണ് പൊലീസ് കണ്ടെത്തല്‍. എറണാകുളം നഗരം, കളമശ്ശേരി, ആലുവ പെരുമ്പാവൂര്‍, മൂവാറ്റുപുഴ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന. കഞ്ചാവ് എത്തിക്കുന്നത് ഒഡീഷയില്‍ നിന്നാണെന്നും പൊലീസ് കണ്ടെത്തി. 

ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുമായി ലഹരി മാഫിയ ഇടപാട് തുടങ്ങിയിട്ട് ഏഴ് മാസമായെന്ന് പൊലീസ് പറയുന്നു. നേരത്തെ പിടിയിലായ ഷാലിഖിനാണ് ഇതര സംസ്ഥാന കഞ്ചാവ് മാഫിയയുമായി നേരിട്ട് ബന്ധമുള്ളത്. ഇന്നലെ നെടുമ്പാശ്ശേരിയില്‍ ഒരു കിലോ കഞ്ചാവുമായി പിടിക്കൂടിയ മൂര്‍ഷിദാബാദ് സ്വദേശി ദീപക്കും ഈ ഗ്യാങ്ങിലെ അംഗമാണ്. 6 തവണയോളം കഞ്ചാവ് ഷാലിഖിന് കൈമാറിയെന്ന് പ്രതികളുടെ മൊഴി. ഏറ്റവും ഒടുവില്‍ കൈമാറിയത് നാല് ബണ്ടില്‍ എന്നും പിടിയിലായ സോഹൈല്‍ പറഞ്ഞു.

ഒരു ബണ്ടില്‍ കഞ്ചാവിന് ആറായിരം രൂപ കമ്മീഷനെന്ന് കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് പിടിച്ച കേസില്‍ അറസ്റ്റിലായ പൂര്‍വവിദ്യാര്‍ഥി ഷാലിക്ക് പറഞ്ഞിരുന്നു. പൊലീസിന് നല്‍കിയ മൊഴിയിലാണ് ഷാലിക്ക് ഇക്കാര്യം വ്യക്തമാക്കിയത്. 18,000 രൂപയ്ക്കാണ് ഒരു ബണ്ടില്‍ കഞ്ചാവ് ലഭിക്കുന്നത്. വിദ്യാര്‍ഥികളില്‍നിന്ന് 24,000 രൂപ വാങ്ങുമെന്നും ഷാലിക്ക് പൊലീസിനോട് പറഞ്ഞു. പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തുന്നത് ഏതാണ്ട് എല്ലാ വിദ്യാര്‍ഥികളും അറിഞ്ഞിരുന്നുവെന്നും പൊലീസ് പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*