അങ്കമാലി താലൂക്ക് ആശുപത്രിയില്‍ ഫഹദ് ഫാസിലിന്റെ സിനിമ ചിത്രീകരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വ്യാഴാഴ്ച രാത്രി മുഴുവന്‍ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍.സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ 7 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഫഹദ് ഫാസില്‍ നിര്‍മ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. രാത്രി 9 മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ ചികിത്സ തുടരുന്നതിനിടയിലും സിനിമ ചിത്രീകരണം നടന്നുവെന്നാണ് മനസിലാക്കുന്നത്. പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാള്‍ക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ പോലുമായില്ല.

പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടുമില്ല. ചിത്രീകണ സമയത്ത് നിശബ്ദത പാലിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ രോഗികളോടും കൂട്ടിരിപ്പുകാരോടും നിര്‍ദ്ദേശിക്കുന്നുണ്ടായിരുന്നു. രണ്ടു ദിവസമാണ് ചിത്രീകരണം നടക്കുന്നത്. പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമാണ് അങ്കമാലി താലൂക്ക് ആശുപത്രി. ദൃശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സ്വകാര്യ ആശുപത്രിയുടെ സെറ്റ് എന്ന നിലയിലാണ് സര്‍ക്കാര്‍ ആശുപത്രി സിനിമയില്‍ ചിത്രീകരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*