കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയിൽ നിന്നും വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. വയനാട് കലക്ടറും കേരള ഗ്രാമീൺ ബാങ്ക് ചൂരൽമല ബ്രാഞ്ച് മാനേജരും ഇക്കാര്യം പരിശോധിച്ച് ഒരാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
ബാങ്കിന്റെ ചൂരൽമല ശാഖയിൽ നിന്നും വായ്പയെടുത്തവരിൽ നിന്നാണ് പ്രതിമാസ തിരിച്ചടവ് ഈടാക്കിയതെന്നാണ് പരാതി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പത്ത് പേരാണ് ബാങ്കിനെതിരെ രംഗത്തെത്തിയത്. സർക്കാർ ധനസഹായം ബാങ്കിലെത്തിയതിന് പിന്നാലെയാണ് വായ്പ തിരിച്ചു പിടിച്ചത്.
അതേ സമയം വായ്പാ തുക ഈടാക്കിയ കല്പറ്റ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധവുമായി വിവിധ യുവജനസംഘടനകൾ രംഗത്തെത്തിയിരുന്നു. മുണ്ടക്കൈ ദുരന്തബാധിതർക്ക് സർക്കാർ നൽകിയ അടിയന്തര ധനസഹായത്തിൽ നിന്ന് പിടിച്ച വായ്പാ തുക തിരിച്ചുനൽകുമെന്ന് സംസ്ഥാന തല ബാങ്കിങ് സമിതി അറിയിക്കുകയും ചെയ്തിരുന്നു .
സാങ്കേതിക കാരണങ്ങളാലാണ് ദുരിതബാധിതരുടെ ധനസഹായത്തുകയിൽ നിന്ന് വായ്പ പിടിച്ചതെന്ന് ബാങ്കിങ് സമിതി പറഞ്ഞു. ജൂലൈ 30 ന് ശേഷം പിടിച്ച വായ്പ തുക തിരിച്ച് നൽകാൻ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. സംഭവം അറിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കളക്ടറോട് വിശദീകരണം തേടിയിരുന്നു.
Be the first to comment