ഭർത്താവ് പൂട്ടിയിട്ട ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെ ആക്രമണം; പോലീസുകാരന്‍റെ മൂക്ക് തകർന്നു

പാമ്പാടി: അർധരാത്രിയിൽ ഭർത്താവ് മുറിക്കുള്ളിൽ പൂട്ടിയിട്ട ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിലൂടെ പോലീസ് ഉദ്യോഗസ്ഥന് നേരെ യുവാവിന്‍റെ ആക്രമണം. കോട്ടയം പാമ്പാടി എട്ടാം മൈലിൽ ആണ് പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായത്. പാമ്പാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജിബിൻ ലോബോയ്ക്കാണ് പരിക്കേറ്റത്. 

പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് പോലീസ് സംഘത്തെ ആക്രമിച്ചത്. ആക്രമണ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു ആക്രമണം. കുടുംബ വഴക്കിനെ തുടർന്ന് സാമിന്‍റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തുമ്പോൾ സാം ഭാര്യയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുറി തുറക്കാൻ ശ്രമിക്കുന്നതിനിടയാണ് സാം പോലീസുകാരനെ ആക്രമിച്ചത്.

പരിക്കേറ്റ ജിബിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂക്കിനു പൊട്ടലുണ്ട്. കണ്ണിനു മുകളിലായി നാല് തുന്നി കെട്ടൽ ഉള്ളതായും പോലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*