ഭാര്യ അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു

ലഖ്നൗ: ഭാര്യ അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഹർദോയിയിലാണ് സംഭവം. യോ​ഗേഷ് കുമാർ (38) ആണ് ഭാര്യ മണികർണിക കുമാരിയുടെ (28) മരണത്തിന് അടുത്ത ദിവസം സ്വയം ജീവനൊടുക്കിയത്. ആറ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

‘ഒന്നിച്ചു ജീവിച്ചു, ഒന്നിച്ചു മരിക്കുന്നു’ എന്ന് കുറിപ്പെഴുതി വച്ചാണ് യോ​ഗേഷ് ആത്മഹത്യ ചെയ്തത്. സ്കൂൾ അധ്യാപകനായിരുന്നു ഇയാൾ. ലഖ്നൗ- ഹർദോയി ഹൈവേയിലുണ്ടായ അപകടത്തിലാണ് തിങ്കളാഴ്ച മണികർണിക മരിച്ചത്. തഡിയാവാനയിലെ പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ നേഴ്സായിരുന്നു മണികർണിക. രാവിലെ അവിടേക്ക് പോകുമ്പോൾ മണികർണികയുടെ സ്കൂട്ടറിൽ അജ്ഞാതവാഹനം ഇടിച്ചാണ് അപകടമുണ്ടായത്. പോലീസ് സ്ഥലത്തെത്തി ഐഡി കാർഡിൻ്റെ സഹായത്തോടെ മണികർണികയെ തിരിച്ചറിയുകയും മരണവിവരം യോ​ഗേഷിനെ അറിയിക്കുകയുമായിരുന്നു.

തിരികെ വീട്ടിലെത്തിയ യോ​ഗേഷ് മുറിയിൽ കയറി വാതിലടച്ചു. ഏറെ നേരമായിട്ടും യോ​ഗേഷിനെ കാണാത്തതിനാൽ അന്വേഷിച്ചു വന്ന അയൽവാസിയാണ് കതക് പൊളിച്ചതും യോ​ഗേഷിനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*